b

ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളെ നടുറോഡിൽ ഇരുത്തി സാനിറ്റൈസറിൽ കുളിപ്പിച്ചതിനെതിരെ വ്യാപക വിമർശനം. .ഉത്തർപ്രദേശിലെ ബറേലിയിലാണ് വിവാദസംഭവം അരങ്ങേറിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ റോഡിൽ കൂട്ടമായി ഇരുത്തിയ ശേഷം സുരക്ഷാ സ്യൂട്ടുകൾ ധരിച്ച ആരോഗ്യ പ്രവർത്തകർ സാനിറ്റൈസർ അവർക്കുമേൽ സ്പ്രേ ചെയ്യുകയായിരുന്നു. തൊഴിലാളികളുടെ പക്കലുള്ള ബാഗുകളിലും സാനിറ്റൈസർ ഒഴിച്ചു. ഇതിനുശേഷമാണ് തൊഴിലാളികളെ അവരുടെ ഗ്രാമത്തിലേക്ക് കടക്കാൻ അനുവദിച്ചത്.


സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. പ്രത്യേക ബസുകളിലായി എത്തിയ കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതരാക്കാൻ വേണ്ടി മാത്രമായിരുന്നു നടപടിയെന്നാണ് ബറേലിയിൽ കൊറോണ പ്രതിരോധ നടപടികളുടെ ഏകോപന ചുമതലയുള്ള നോഡൽ ഓഫീസർ അശോക് ഗൗതം പറയുന്നത്. സാനിറ്റൈസർ സ്പ്രേ ചെയ്യുന്നതിന് മുമ്പ് കണ്ണുകൾ അടയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നതായും ഇനി ഇത്തരം സംഭവം ആവർത്തിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.