തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 15 കിലോഗ്രാം സൗജന്യ അരി വിതരണം ഏപ്രിൽ ഒന്നിന് ആരംഭിച്ച് 20ന് അവസാനിക്കുമെന്നു മന്ത്രി പി.തിലോത്തമൻ പറഞ്ഞു. 20നു ശേഷമാകും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യനിരക്കിലുള്ള ധാന്യ വിതരണം നടത്തുക. സൗജന്യ ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണവും ഈ ആഴ്ച തുടങ്ങുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ മുതൽ ഉച്ചവരെ മുൻഗണന വിഭാഗങ്ങൾക്കും (മഞ്ഞ, പിങ്ക് കാർഡ്) ഉച്ചകഴിഞ്ഞ് മുൻഗണന ഇതര വിഭാഗങ്ങൾക്കും (നീല, വെള്ള) എന്ന രീതിയിലാകും 14,250 റേഷൻകടകൾ വഴി വിതരണം ക്രമീകരിക്കുക. എല്ലാ മാസവും കിട്ടുന്ന അരി, ഗോതമ്പ് വിഹിതം ഏപ്രിൽ മാസവും ലഭിക്കും.
87 ലക്ഷം കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റിന്റെ വിതരണത്തിനായി സാധനങ്ങൾ സംഭരിക്കുന്ന ജോലി ആരംഭിച്ചതായും മന്ത്രി അറിയിച്ചു. പയർവർഗങ്ങൾ, പഞ്ചസാര എന്നിവ ലഭിക്കാനാണു പ്രയാസം. ഓർഡർ നൽകിയ സാധനങ്ങൾ ലഭ്യമാക്കാമെന്നു നാഫെഡ് അറിയിച്ചിട്ടുണ്ട്. കിറ്റ് ആവശ്യമില്ലാത്തവർ അക്കാര്യം അറിയിക്കണം.
കൊറോണ ബാധിച്ചവരുടെ കുടുംബങ്ങൾക്കും ട്രാൻസ്‌ജെൻഡർമാർക്കും കിറ്റ് നൽകും. ഈ മാസത്തേക്കുള്ള അരി സംഭരിച്ചു.
കാർഡില്ലാത്തവർക്ക്
റേഷൻ കാർഡ് ഇല്ലാത്തവർ സൗജന്യ അരിക്കായി കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ ആധാർ കാർഡ് ഹാജരാക്കി ഫോൺ നമ്പരും എഴുതിയ സത്യവാങ്മൂലവും നൽകണം. കള്ള സത്യവാങ്മൂലം നൽകിയാൽ കൈപ്പറ്റിയ ധാന്യത്തിന്റെ മാർക്കറ്ര് വിലയുടെ ഇരട്ടി ഈടാക്കും.
5 പേർ മാത്രം
ഒരു സമയം 5 പേരെ മാത്രമാകും സാമൂഹിക അകലം പാലിച്ചു സാധനങ്ങൾ വാങ്ങാൻ അനുവദിക്കുക. നിയന്ത്രിക്കാൻ ജനപ്രതിനിധികളുടെയും വോളന്റിയർമാരുടെയും സഹായം തേടാം.
കടയിലെത്താത്തവർക്ക്
റേഷൻ കടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്കു വീട്ടിലെത്തിച്ചു കൊടുക്കാനും കടയുടമ ക്രമീകരണമുണ്ടാക്കണം. ഇതിനും സന്നദ്ധ പ്രവർത്തകരുടെ സേവനം തേടാം.
''കിറ്റിൽ ഏതെങ്കിലും സാധനം വയ്ക്കാതെ പോയതിന്റെ പേരിലോ മാറിപ്പോയതിന്റെ പേരിലോ പരാതി പറയരുത്. ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണ് സപ്ലൈകോയും സിവിൽ സപ്ലൈസ് വകുപ്പും ചേർന്ന് ഏറ്റെടുക്കുന്നത്''-
മന്ത്രി പി.തിലോത്തമൻ