radio

തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നിർദ്ദേശങ്ങളുടെ ഭാഗമായി​ ആകാശവാണി കേരള നിലയം പ്രക്ഷേപണം ചെയ്യുന്ന വാർത്തകളുടെ സമയം പുനഃക്രമീകരിച്ചതായി വാർത്താവിഭാഗം മേധാവി എ.എം. മയൂഷ അറിയിച്ചു.

നിലവിൽ പ്രക്ഷേപണം ചെയ്തിരുന്ന രാവിലെ 7.25, ഉച്ചയ്ക്ക് 12.50, രാത്രി 7.25 വാർത്തകൾക്ക് പകരം രാവിലെ 10.15, ഉച്ചയ്ക്ക് 2.55 വൈകിട്ട് 5, രാത്രി 9 എന്നീ സമയങ്ങളിൽ പ്രത്യേക വാർത്തകൾ പ്രക്ഷേപണം ചെയ്യും. രാവിലെ 6.45, ഉച്ചയ്ക്ക് 12.30, വൈകിട്ട് 6.20 എന്നീ സമയങ്ങളിലെ പ്രാദേശിക വാർത്തകൾ തുടരും. പരമാവധി വാർത്തകൾ ശ്രോതാക്കൾക്ക് എത്തിക്കുന്നതിനായി ഇവയുടെ സമയവും നീട്ടിയിട്ടുണ്ട്. രാവിലെ ആറിന് ആരംഭിച്ച് രാത്രി പത്തിന് അവസാനിക്കുന്ന ആകാശവാണി എം.എഫ് സ്റ്റേഷനുകളുടെ ഒരു മണിക്കൂർ ഇടവിട്ടുള്ള പ്രധാനവാർത്തകൾക്കും മാറ്റമില്ല. രാവിലെയും വൈകിട്ടും ഡൽഹി നിലയത്തിൽ നിന്നുള്ള ഇംഗ്ലീഷ്, ഹിന്ദി വാർത്തകളുടെ ദൈർഘ്യവും വർദ്ധിപ്പിച്ചിട്ടുണ്ട്. മാറ്റങ്ങളോട് ശ്രോതാക്കൾ സഹകരിക്കണമെന്നും സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് പൂർവസ്ഥിതി പുനഃസ്ഥാപിക്കുമെന്നും വാർത്താവിഭാഗം മേധാവി അറിയിച്ചു.