വെള്ളറട:സുമനസ്സുകൾ കൈമെയ് മറന്നു സഹായിച്ചപ്പോൾ കുന്നത്തുകാലിലെ സാമൂഹിക അടുക്കള കൂടുതൽ പേർക്ക് ഭക്ഷണം വിളമ്പി.കമ്മ്യൂണിറ്റി കിച്ചന്റെ ആദ്യ ദിവസം മുന്നൂറോളം പേർക്കാണ് ഭക്ഷണമെത്തിച്ചതെങ്കിൽ കഴിഞ്ഞ ദിവസം അറുനൂറിലേറെപ്പേർക്ക് മൂന്നു നേരവും ഭക്ഷണമെത്തിക്കാനായി. വ്യക്തികൾ,സ്ഥാപനങ്ങൾ,സംഘടനകൾ,ക്ഷേത്ര,പള്ളി കമ്മിറ്റികൾ എസ്.എൻ.ഡി.പി ഉൾപ്പെടെയുള്ള സാമുദായിക സംഘടനകൾ സാമ്പത്തികമായും അല്ലാതെയും സഹായിച്ചപ്പോൾ അടുക്കള ഉഷാറായി.പാലിയോട് എൻ.എസ് ആഡിറ്റോറിയത്തിലാണ് കിച്ചന്റെ പ്രവർത്തനം. കുന്നത്തുകാലിൽ മുന്നൂറോളം പേരും കാക്കക്കോണത്തെ മെഡിക്കൽ കോളേജിൽ 72 പേരും നിരീക്ഷണത്തിലാണ്. ഇവർക്കും,ലോക്ക്ഡൗണിൽ കൂലിവേല നഷ്ടപ്പെട്ടവർക്കും വീടുകളിൽ സന്നദ്ധ പ്രവർത്തകർ ഭക്ഷണമെത്തിക്കുന്നുണ്ട്.