corona

വാഷിംഗ്‌ടൺ: കൊറോണ ബാധിച്ചവരുടെ എണ്ണം ലോകത്ത് 7,25,230 ആയി. ഇതുവരെ 34,034 പേർ മരിച്ചതായാണ് കണക്ക്. ലോകത്ത് ആകെ 183 രാജ്യങ്ങളെയാണ് കൊറാേണ പിടികൂടിയിരിക്കുന്നത്. ഒന്നരലക്ഷത്തോളം പേർ രോഗമുക്തി നേടി.

ലോകത്തുതന്നെ ഏറ്റവും കൂടുതൽ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത് അമേരിക്കയിലാണ് 1,43,025. ഇതുവരെ 2,514 പേരാണ് അമേരിക്കയിൽ മരിച്ചത്. ന്യൂയോർക്കിൽ മാത്രം 1000 ത്തിലധികം പേർ മരിച്ചു.

ഇതുവരെ ഏറ്റവും കൂടുതൽ പേർ മരിച്ച ഇറ്റലിയിൽ 97,689 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 10,779 പേരാണ് ഇവിടെ മരിച്ചത്. രോഗം വളരെ വേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്‌പെയിനിൽ 80,110 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ മരണസംഖ്യ 6,803 ആയി. ഇറാനിൽ മരണസംഖ്യ 2,757 ആയി ഉയർന്നു. രോഗം ബാധിച്ചവരുടെ എണ്ണം 41,495 ആയി.

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ക്വാറന്റൈൻ പ്രഖ്യാപിച്ചു. റഷ്യയിൽ 1534 പേരാണ് രോഗബാധിതരായിട്ടുള്ളത്. സിംബാബേ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മലേഷ്യയിൽ എല്ലാവിധ കച്ചവടസ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. കടകൾ 12 മണിക്കൂർ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ.

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 1,200നോട് അടുക്കുന്നു. തിങ്കളാഴ്ച രാവിലെയോടെ 50 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 1,190 ആയി. മരിച്ചവരുടെ എണ്ണം 33. മഹാരാഷ്ട 7, ഗുജറാത്ത് 6, കർണാടകം 3, മദ്ധ്യപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ജമ്മു കശ്മീർ 2വീതം, കേരളം, തെലങ്കാന, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ഹിമാചൽ പ്രദേശ് ഒന്ന് വീതം എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്ക്.