കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായ കിളിമാനൂർ ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ ജീവനക്കാരുടെ നേതൃത്വത്തിൽ എട്ട് പഞ്ചായത്തുകളിലെ സാമൂഹിക അടുക്കളകൾക്ക് ഓരോ ചാക്ക് അരി വീതം നൽകി. പളളിക്കൽ, മടവൂർ, കിളിമാനൂർ, പഴയകുന്നുമ്മൽ,പുളിമാത്ത്, നാവായിക്കുളം, കരവാരം, നഗരൂർ പഞ്ചായത്തുകളിൽ ബി.ആർ.സി പ്രതിനിധികൾ നേരിട്ടെത്തിയാണ് സഹായം നൽകിയത്. പാപ്പാല ഗവ. എൽ.പി.എസിൽ ആരംഭിച്ച പഴയകുന്നുമ്മൽ പഞ്ചായത്തിലെ സാമൂഹിക അടുക്കളയിൽ വച്ച് ബി.പി.ഒ എം.എസ് സുരേഷ് ബാബുവിൽ നിന്ന് അഡ്വ. ബി. സത്യൻ എം.എൽ.എ സഹായം ഏറ്റുവാങ്ങി. കൊറോണ കാലത്ത് ഏറ്റവും അത്യാവശ്യമായ സാനിറ്റൈസറും ഹാന്റ് വാഷും സൗജന്യമായി നിർമ്മിച്ചു നൽകിയ ബി.ആർ.സി യുടെ ഈ കൈത്താങ്ങും ഏറെ മാതൃകാപരമാണെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.ലാലി, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു. സുജിത്ത്, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, ബി.ആർ.സി പരിശീലകൻ വൈശാഖ്.കെ.എസ്, സി.ആർ.സി കോഓർഡിനേറ്റർ സാജൻ പി.എ എന്നിവർ പങ്കെടുത്തു. മറ്റു പഞ്ചായത്തു കേന്ദ്രങ്ങളിൽ പ്രസിഡന്റുമാരായ എം. രഘു, ബി. വിഷ്ണു, കെ.തമ്പി, പഞ്ചായത്ത് സെക്രട്ടറിമാർ, മെമ്പർമാർ, തുടങ്ങിയവരാണ് സഹായം ഏറ്റുവാങ്ങിയത്.