തിരുവനന്തപുരം :സംസ്ഥാനത്തേക്ക് പച്ചക്കറിയും പലവ്യഞ്ജനവും കൊണ്ടു വരുന്നതിന് പ്രതിദിനം 60 പാസുകൾക്ക് അംഗീകാരം നൽകാൻ കർണാടക സർക്കാർ തയ്യാറായി. മുത്തങ്ങ വഴിയാണ് ലോറികൾക്ക് പ്രവേശനം. വയനാട് ജില്ലാ ഭരണകൂടം നൽകുന്ന 60 പാസുകൾ പ്രകാരം കർണാടക ഉദ്യോഗസ്ഥർ ലോറികൾ കടത്തിവിടും.
കുടക്, കാസർകോട് അതിർത്തികൾ അടച്ചിരിക്കുന്നതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് പച്ചക്കറി ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിനും മുത്തങ്ങയെ ആശ്രയിക്കേണ്ടി വരും. ഇരുന്നൂറോളം കിലോമീറ്റർ കൂടുതൽ സഞ്ചരിച്ചു വേണം ലോറികൾക്ക് കാസർകോട്ടെത്താൻ. ഗുണ്ടൽപേട്ട്, കൂർഗ് മാർക്കറ്റുകളിൽ നിന്നാണ് പച്ചക്കറി കേരളത്തിലെത്തിക്കുന്നത്.
നിയന്ത്രണങ്ങളിൽ അയവ്
വരുത്തി തമിഴ്നാട്
അതേസമയം, കേരളത്തിലേക്കുള്ള ചരക്ക് ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ തമിഴ്നാട് സർക്കാർ അയവു വരുത്തി. എല്ലാ ചെക്ക് പോസ്റ്റുകളിലൂടെയും പച്ചക്കറി കൊണ്ടുപോകാൻ ഇന്നലെ മുതൽ അനുവാദം നൽകി. കേരള അതിർത്തിയിലേക്കു കടക്കും മുമ്പും തിരിച്ചെത്തുമ്പോഴും വാഹനങ്ങൾ അണുവിമുക്തമാക്കിയ ശേഷമാണ് യാത്ര അനുവദിക്കുന്നത്. പച്ചക്കറി, പാൽ, മുട്ട, അരി, പലവ്യഞ്ജനം എന്നിവയുമായി ഇന്നലെ നിരവധി ലോറികൾ കടന്നുവന്നു. നേരത്തെ പച്ചക്കറി കയറ്റിയ ശേഷം യാത്ര മുടങ്ങിയ ലോറികളും ഇന്നലെ എത്തി. ഇവയിലെ പച്ചക്കറികൾ പകുതിയും ചീഞ്ഞുതുടങ്ങിയതായി വ്യാപാരികൾ പറഞ്ഞു. പച്ചക്കറി ഉൾപ്പെടെയുള്ളവ എത്തിയതോടെ വിപണയിൽ ക്ഷാമം ഒഴിവായി.
മൂന്ന് ടൺ തക്കാളി
വെറുതേ കളഞ്ഞു
തക്കാളി വില്പന കേന്ദ്രത്തിലെത്തിക്കാൻ കഴിയാത്തതിനാൽ കർണാടകത്തിലെ മാണ്ഡ്യയിൽ മൂന്നു ടൺ തക്കാളി കർഷകർ തടാകത്തിൽ ഉപേക്ഷിച്ചു. മൈസൂരുവിലേക്ക് കൊണ്ടു പോകാനുള്ള തക്കാളി കയറ്റിയ ലോറികൾ പൊലീസ് തടയുകയായിരുന്നു.