jayakrishnan

പോത്തൻകോട്: അമിത വില ഈടാക്കുന്നെന്നും ക്രമക്കേട് നടക്കുന്നതായുമുള്ള ഉപഭോക്താക്കളുടെ പരാതി അന്വേഷിക്കാനെത്തിയ സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥരെ കടയുടമ മർദ്ദിച്ചു.സംഭവത്തിൽ പരിക്കേറ്റ താലൂക്ക് സപ്ളൈ ഓഫീസറും വനിതാ ഉദ്യോഗസ്ഥയും ഡ്രൈവറും ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ജോൺസൺ യോഹന്നാൻ (45)​,​ അനന്തരവന്മാരായ നിതിൻ കെ.സാമുവൽ (25) നിഖിൽ കെ.സാമുവൽ (22) എന്നിവരെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. മേനംകുളത്തെ ബൈ ആൻഡ് സേവ് മാർജിൻ ഫ്രീ മാർക്കറ്റിൽ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. വിലവർദ്ധനയും പൂഴ്‌ത്തിവയ്‌പും നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് താലൂക്ക് സപ്ളൈ ഓഫീസർ എ.എം. ഷാനവാസ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എ.സുഫില,​ എ.എസ്.സിമി, എസ്.ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എത്തിയത്. ഉദ്യോഗസ്ഥരിൽ ഒരാൾ പരിശോധന മൊബൈൽ ഫോണിൽ പകർത്തുന്നത് ചോദ്യം ചെയ്ത ജോൺസൺ മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഇതിനിടെ ജോൺസണും നിതിനും നിഖിലും ചേർന്ന് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഷാനവാസിന്റെ മൂക്കിന് ഇടിയേറ്റു. സുഫിലയുടെ മുതുകിലാണ് മർദ്ദനമേറ്റത്. മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ഡ്രൈവർ ജയകൃഷ്ണന്റെ വലുതകൈയ്ക്ക് പൊട്ടലുണ്ട്. മൂവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ എസ്.സിമി, എസ്.ഷിബു എന്നിവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. അതേസമയം,​ പരിശോധന മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ തങ്ങളുടെ ഫോൺ ഉദ്യോഗസ്ഥർ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നെന്ന് ജോൺസൺ ആരോപിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും നടത്തരുതെന്ന സർക്കാർ നിർദ്ദേശം ഇവർ പാലിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണ ഉദ്യോഗസ്ഥർ കടയിലെത്തി താക്കീത് നൽകിയിരുന്നു. തുടർന്നാണ് ഇന്നലെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയത്. സംഭവത്തെ തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥരെത്തി കട സീൽ ചെയ്തു.