തിരുവനന്തപുരം: ''ഡോക്ടർ, നിങ്ങളെപ്പോലുള്ളവരാണ് ശരിക്കും നാടിന്റെ കാവൽക്കാർ.'' ചലച്ചിത്ര താരം നിവിൻ പോളിയുടെ വാക്കു കേട്ടപ്പോൾ കാസർകോട് ജില്ലാ ഗവ. ആശുപത്രിയിലെ ഡോ.ഗണേഷിന്റെ മറുപടി: ''ഇവിടെ വലിയൊരു ടീമാണ് വൈറസിനെതിരെ പോരാടുന്നുത്. എല്ലാ ഡോക്ടമാരുടെയും പ്രതിനിധിയെന്ന നിലയിലാണ് താങ്കളോട് ഞാനിതു പറയുന്നത്. ജനങ്ങൾ പൂർണ്ണജാഗ്രത പാലിക്കുകയും സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്താൽ ഈ യജ്ഞം വിജയിക്കും."
കൊറാണ സമ്മർദ്ദത്തിന് ആശ്വാസം പകരാൻ യൂത്ത് കോൺഗ്രസ് ആവിഷ്കരിച്ച 'ഓൺ കാൾ' പരിപാടിക്ക് തുടക്കമിട്ടാണ് നിവിൻ പോളി ഡോക്ടർ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ചത്. അടുത്ത കാൾ സ്റ്റാഫ് നഴ്സ് ദിവ്യയ്ക്കായിരുന്നു. നിവിൻ പോളിയാണ് ലൈനിൽ എന്നറിഞ്ഞപ്പോൾ ആദ്യം ദിവ്യ വിശ്വസിച്ചില്ല. ഞെട്ടൽ മാറിയപ്പോൾ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. കോൾ ലൗഡ് സ്പീക്കറിലിട്ട് മറ്റു നഴ്സുമാരെ പ്രിയ താരത്തിന്റെ വാക്കുകൾ കേൾപ്പിച്ചു ''നിങ്ങൾ ജീവൻ പണയപ്പെടുത്തി മറ്റുള്ളവർക്കായി ചെയ്യുന്ന വലിയ സേവനത്തിന് വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞാൽ മതിയാകില്ല." മാലാഖമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിവിൻ പറഞ്ഞു.
കൊറോണ ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന പത്താം ക്ലാ,സുകാരി, നിവിന്റെ കാൾ എത്തിപ്പോൾ ത്രില്ലടിച്ചു. താരത്തെ കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹം. അസുഖം മാറുമ്പോൾ നേരിട്ടു കാണാമെന്ന് നിവിന്റെ മറുപടി. നിരവധി പേർക്ക് ആശ്വാസം പകർന്ന് നിവിൻ പോളിയുടെ ഫോൺ കാൾ എത്തി.
അവസാന കാൾ കിട്ടിയത് സോജു ജോഷ്വാ എന്ന ചലച്ചിത്ര പ്രവർത്തകന്. പത്തനംതിട്ട സ്വദേശിയാണ്. സോജു സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ആവശ്യങ്ങൾക്ക് ഒമാനിൽ പോയി വന്ന ശേഷം നീരീക്ഷണത്തിൽ കഴിയുകയാണ് സോജു. സിനിമാ വിശേഷം പറയുന്നതിനിടയിൽ ഇടപെട്ട്, സോജുവും നിവിനും ഒന്നിക്കുന്ന ഒരു സിനിമയുണ്ടാകട്ടെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആശംസിച്ചു.