ddd

നെയ്യാറ്റിൻകര/നെടുമങ്ങാട്:കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും സ്ഥലത്തെ എം.എൽ.എമാർ ഒാരോരുത്തരും ഒാരോതരം തിരക്കിലാണ്.പലരും വീട്ടിൽ കൃഷിയും വായനയുമായി കഴിയുകയാണ്.എന്നാൽ കൊറോണയെ പ്രതിരോധിക്കാൻ ഒരുങ്ങുകയാണ് ഇവർ.കെ. ആൻസലൻ (നെയ്യാറ്റിൻകര),സി.കെ.ഹരീന്ദ്രൻ (പാറശാല),എം.വിൻസെന്റ് (കോവളം),കെ.എസ്.ശബരീനാഥൻ (അരുവിക്കര),സി.ദിവാകരൻ (നെടുമങ്ങാട്),ഡി.കെ.മുരളി (വാമനപുരം) തുടങ്ങിയ എം.എൽ.എ മാർ പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ സ്വയം പരിപാലിക്കുകയാണ് ഇവരിൽ പലരും.ലോക്ക് സൗണിന്റെ ഭാഗമായി വീട്ടിലിരിക്കുമ്പോഴും കമ്മ്യൂണിറ്റി കിച്ചൺ ഏകോപിപ്പിക്കാനുള്ള ശ്രമവും തകൃതിയായി ഈ എം.എൽ.എമാർ നടത്തിക്കുന്നുണ്ട്.

 ആൻസലന് എല്ലാം പഴയ പോലെ

പൊതുസമ്മേളനങ്ങൾ ഇല്ലെങ്കിലും കെ. ആൻസലൻ എം.എൽ.എ രാവിലെ മുതൽ വീട്ടിലെ അടുക്കളത്തോട്ടം പരിപാലനവും പശുക്കൾക്ക് തീറ്റനൽകലും.പിന്നെ പത്രം വായന.ആദ്യം കേരളകൗമുദി തന്നെയാണ് വായിക്കുന്നത്.ശേഷം വീട്ടിലെ പുസ്തകശേഖരണത്തിൽ നിന്നും വായിക്കാൻ പറ്റാതിരുന്ന പുസ്തകങ്ങളുമായി കൊറോണ അവധിക്കാലം.എന്നിരുന്നാലും നെയ്യാറ്റിൻകര മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണുകൾ കഴിഞ്ഞ ദിവസം സന്ദർശിച്ചു. നെയ്യാറ്റിൻകര നഗരസഭ,തിരുപുറം പഞ്ചായത്ത്, അതിയന്നൂർ പഞ്ചായത്ത്,ചെങ്കൽ പഞ്ചായത്ത്, കാരോട് പഞ്ചായത്ത്,കുളത്തൂർ പഞ്ചായത്ത് എന്നിങ്ങനെ നെയ്യാറ്റിൻകര മണ്ഡലത്തിൽ ഏതാണ്ട് 2000 പേർക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ചുമതല നിർവഹിച്ച ചാരിതാർത്ഥ്യത്തിലാണ് ആൻസലൻ.

""എനിക്ക് ലോക്ക് ഡൗൺ കാലത്തും വിശ്രമം കുറവാണ്. എം.എൽ.എ എന്ന നിലയിൽ നിരവധി ആവശ്യങ്ങളുമായി ആളുകൾ എത്താറുണ്ട്.വായനയ്ക്ക് പുറമേ പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രധാനമായും ഇപ്പോൾ ചെയ്യുന്നത്.കമ്മ്യൂണിറ്റി കിച്ചണുകൾ ഏകോപിപ്പിക്കലാണ് അപ്പോഴത്തെ പ്രധാന ലക്ഷ്യം.നെയ്യാറ്റിൻകര ജില്ല ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ആവശ്യത്തിന് ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൺ വഴി എത്തിക്കുന്നുണ്ട്.

 പാറശാലകാർക്ക് കൂട്ടായി സ്വന്തം സി.കെ എന്ന സി.കെ.ഹരീന്ദ്രൻ എം.എൽ.എ

''വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം ജില്ലയിൽ എത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനും അസുഖത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രികൾ പ്രവേശിപ്പിച്ച് വേണ്ടത്ര പരിശോധനകൾ നടത്തി ഇവർക്ക് വേണ്ട കാര്യങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്. ഇത്തരത്തിൽ മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലും വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്.

ആവശ്യക്കാർക്ക് ആഹാരം നൽകുന്നതിനായി 9 പഞ്ചായത്തുകളിലും കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും 300 മുതൽ 500 വരെ പേർക്ക് ദിവസേന മൂന്ന് നേരം ഭക്ഷണം തയ്യാറാക്കുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന തയ്യാറാക്കുന്ന ആഹാരം പ്രത്യേക വോളന്റിയർമാർ മുഖേന ഓരോ പഞ്ചായത്തിലെയും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ 80 വോളന്റിയർമാരെയും വിവിധ സന്നദ്ധ സംഘങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.കമ്യൂണിറ്റി കിച്ചണിന് വേണ്ടി അവശ്യ സാധനങ്ങൾ സംഭരിക്കുക,വീടുകളിൽ കഴുന്നവർക്കായി ഭഷ്യവസ്തുക്കൾ,മരുന്ന് എന്നിവ എത്തിക്കുക തുടങ്ങിയ സേവനങ്ങളും നടത്തുന്നുണ്ട്.

 പ്രതിരോധപ്രവർത്തനങ്ങൾ ശക്തം കെ.എസ്.ശബരീനാഥൻ എം.എൽ.എ

'' ശക്തമായ പ്രതിരോധപ്രവർത്തനങ്ങളാണ് അരുവിക്കര നിയോജക മണ്ഡലത്തിൽ നടക്കുന്നത്.മണ്ഡലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തുകൊടുക്കുന്നുണ്ട്.മണ്ഡലത്തിലുള്ള ഒരു താലൂക്ക് ആശുപത്രിയിലും,മൂന്ന് ഗവൺമെന്റ് കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലും. മറ്റ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ശക്തമായ പ്രതിരോധപ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. എല്ലാവ‌ർക്കും വേണ്ട കമ്യൂണിറ്റി കിച്ചണുകളും പ്രവർത്തിക്കുന്നുണ്ട്.

ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ എല്ലാ പഞ്ചായത്തിലും കമ്മ്യൂണിറ്റികിച്ചണുകൾ ആരംഭിക്കുന്നതിനുള്ള തിരക്കിലാണ് ഈ എം.എൽ.എ.ഇവ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്.ആദിവാസി മേഖലകളിൽ അരിവിതരണവും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.ചിലയിടങ്ങളിൽ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവുണ്ടെങ്കിലും ഗവൺമെന്റുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിച്ച് എല്ലാവർക്കും അവശ്യ സാധനങ്ങളും ഭക്ഷണവും മരുന്നും എത്തിക്കുകയാണ് എം.എൽ.എയുടെ ലക്ഷ്യം.

കോവളം മണ്ഡലത്തിൽ നിറഞ്ഞ് എം.വിൻസെന്റ് എം.എൽ.എ

മണ്ഡലത്തിലെ എല്ലാ കമ്മ്യൂണിറ്റി കിച്ചണുകൾക്കും വേണ്ട ധാന്യങ്ങളും പച്ചക്കറികളും ഏപ്രിൽ 1ന് മുൻപായി അതത് സെന്ററുകളിൽ എത്തിക്കും. മൂവായിരത്തോളം പേർക്ക് ഭക്ഷണം എത്തിക്കാനാണ് പദ്ധതി. പുറത്തിറങ്ങി അനാവശ്യമായി സഞ്ചരിക്കാതിരിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുല്ലൂർ വാർഡിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്.

 ഒപ്പമുണ്ട്...അഡ്വ.ഡി.കെ.മുരളി എം.എൽ.എ

നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സാമൂഹിക അടുക്കളകൾ വഴി 2260 പേർക്ക് സൗജന്യ ഭക്ഷണം കൊടുക്കുന്നു. ഇതിൽ അന്യ സംസ്ഥാന തൊഴിലാളികളും ഉൾപ്പെടും. ഇവർ സ്വയം പാചകം ചെയ്തു കഴിക്കാൻ സമ്മതിച്ച സ്ഥലങ്ങളിൽ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നുണ്ട്. ആരുടെ കീഴിലാണോ തൊഴിലാളികൾ എത്തിയിട്ടുള്ളത് അവരും സഹകരിക്കുക. അർഹതപ്പെട്ടവരും അത്യാവശ്യമുള്ളവരും മാത്രമേ സൗജന്യങ്ങൾ സ്വീകരിക്കാവൂ.

 നിർദ്ദേങ്ങൾ പാലിക്കാം,നേരിടാം: സി. ദിവാകരൻ എം.എൽ.എ

ലോക്ക് ഡൗൺകാലത്ത് ആഹാരം പാകം ചെയ്യാൻ പറ്റാത്തവർക്കായി കമ്യൂണിറ്റി കിച്ചണുകൾ ഉപകാരപ്പെടുത്തും. എല്ലാ വാർഡുകളിലെയും ഇത്തരം കുടുംബങ്ങളെ കണ്ടെത്താൻ കൗൺസിലർമാരും അവരോടൊപ്പം കൂടുതൽ യുവജനങ്ങളും മുന്നോട്ട് വരണം. കരിഞ്ചന്തയും പൂഴ്ത്തിവയ്‌പ്പും ശ്രദ്ധയിൽ പെട്ടാൽ കർശന നടപടിയെടുക്കും. ജനങ്ങൾ ജാഗ്രത പുലർത്തേണ്ട ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെയും, പൊലീസിന്റെയും നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം.