milma

തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള പാൽ സ്വീകരിക്കില്ലെന്ന് തമിഴ്‌നാട് അറിയിച്ചതോടെ മിൽമ പ്രതിസന്ധിയിലായി. പാൽപൊടി നിർമാണത്തിനായി ദിവസം രണ്ട് ലക്ഷം ലിറ്റർ പാലാണ് കേരളം തമിഴ്‌നാട്ടിലേക്ക് അയച്ചിരുന്നത്. കഴിഞ്ഞ ദിവസവും തമിഴ്നാട് ഇതേ നിലപാട് സ്വീകരിച്ചെങ്കിലും കേരളത്തിന്റെ ഇടപടലിനെത്തുടർന്ന് അയഞ്ഞിരുന്നു. ഇതിനിടെയാണ് കേരളത്തിൽ വർദ്ധിച്ചുവരുന്ന കൊറോണ വ്യാപനത്തെത്തുടർന്നാണ് പാൽ എടുക്കാൻ കഴിയില്ലെന്ന് തമിഴ്നാടിന്റെ അറിയിപ്പ് വന്നത്. ഇക്കാര്യത്തിൽ എന്തുനിലപാട് എടുക്കണമെന്ന് മിൽമ ഇന്ന് തീരുമാനിക്കും. സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മിൽമ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.

ലോക്ക് ഡൗണിനെത്തുടർന്ന് മിൽമയുടെ പാൽവിൽപ്പന കുത്തനെ കുറഞ്ഞിരുന്നു. ഇത് സംഭരണത്തെ പ്രതിസന്ധിയിലാക്കുമെന്ന ഘട്ടം വന്നതോടെയാണ് പാൽ തമിഴ്നാട്ടിലെത്തിച്ച്‌ പാൽപ്പൊടിയാക്കാൻ തീരുമാനിച്ചത്. എന്നാൽ കൊറോണ വ്യാപനം സ്ഥിരീകരിച്ച കേരളത്തിൽ നിന്നുള്ള പാൽ കൃഷ്ണഗിരിയിലേയും ഈറോഡിലേയും സഹകരണ സംഘങ്ങൾ നിരസിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

മിൽമ മലബാർ യൂണിയനിൽ മാത്രം ദിവസേന രണ്ടര ലക്ഷം ലിറ്റ‌ർ പാൽ ബാക്കി വരുന്നുണ്ട്. എറണാകുളം മേഖലായൂണിയനിൽ ഇത് 75,൦൦൦ ലിറ്ററാണ്.

പാൽ തുടർന്ന് സ്വീകരിക്കാൻ പറ്റാത്ത അവസ്ഥയാണ് . സംഭരണത്തിലെ നിയന്ത്രണത്തെക്കുറിച്ച് ഇന്ന് തീരുമാനിക്കും.

പി. എ. ബാലൻ മാസ്റ്റർ
മിൽമ ചെയർമാൻ