ഏപ്രിൽ രണ്ടു മുതൽ പുതിയ സംവിധാനം
തിരുവനന്തപുരം: വ്യക്തിഗത അക്കൗണ്ടുകളിലെത്തിയ ക്ഷേമപെൻഷൻ മാറിക്കിട്ടാനായി ആയിരങ്ങൾ ഒരുമിച്ച് ബാങ്കുകളിലെത്തിയതോടെ കൊറോണ മൂലം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്ന പല ബാങ്ക് ശാഖകളിലും നിയന്ത്രണങ്ങളെല്ലാം വെള്ളത്തിലായി. ഇതോടെ ഏപ്രിൽ രണ്ടുമുതൽ പെൻഷൻ വിതരണത്തിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സംസ്ഥാന തല ബാങ്കേഴസ് സമിതി തീരുമാനിച്ചു.
സംസ്ഥാനത്ത് ആകെ 55 ലക്ഷം പേരാണ് സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നത്. ഇതിൽ പകുതിയിലധികം പേരുടെയും ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് തുക വരുന്നത്. മറ്രുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി നേരിട്ട് വീട്ടിലെത്തിക്കുകയാണ്.
അക്കൗണ്ടിലൂടെ പണം വരുന്നവരിൽ ഭൂരിഭാഗത്തിനും എ.ടി.എം കാർഡ് ഇല്ലാത്തതിനാൽ നേരിട്ട് ബാങ്കിലെത്തി തുക പിൻവലിക്കുകയാണ് പതിവ്. . കൊറോണ മൂലം സാമൂഹ്യ അകലം പാലിക്കാനായി സെക്യൂരിറ്റി ജീവനക്കാർ കുറച്ചുപേരെ മാത്രമേ ഇതുവരെ കടത്തിവിട്ടിരുന്നുള്ളൂ. എന്നാൽ ഇന്നലെ സംസ്ഥാനത്തെ വിവിധ ബാങ്ക് ബ്രാഞ്ചുകളിലായി പതിനായിരക്കണക്കിന് പേരാണ് പണം പിൻവലിക്കാനെത്തിയത്. ഇത്രയും ആളുകൾ ഒരുമിച്ചെത്തിയതോടെ പലയിടത്തും കൊറോണ വ്യാപനം തടയുന്നതിനുള്ള ക്രമീകരണങ്ങൾ പാലിക്കാൻ കഴിഞ്ഞില്ല.
അയ്യായിരത്തോളം ബാങ്ക് ശാഖകളിൽ നിന്നാണ് 30 ലക്ഷത്തോളം പേർ പണം വാങ്ങേണ്ടത്.
തിരക്ക് നിയന്ത്രണാതീതമായതോടെയാണ് അക്കൗണ്ടുകളുടെ അവസാനത്തെ അക്കം അടിസ്ഥാനമാക്കി പണം മാറാനുള്ള തീയതി നിശ്ചയിച്ച് എസ്. എൽ.ബി.സി സർക്കുലർ അയച്ചത്. എന്നാൽ ഇത് അപ്രായോഗികമാണെന്ന് ബാങ്ക് മാനേജർമാർ പറയുന്നു.
നേരത്തേ ട്രഷറികളിൽ പെൻഷൻ വാങ്ങാനായി ബാങ്ക് അക്കൗണ്ടുകളുടെ അവസാന നമ്പറിനെ അടിസ്ഥാപ്പെടുത്തി തീയതി നിശ്ചയിച്ചിരുന്നു. ഇത് ബാങ്കുകളിൽ അപ്രായോഗികമാണ്. പ്രത്യേകിച്ചും നിരക്ഷരരും ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ ഉള്ള ഫോം പോലും പൂരിപ്പിക്കാനറിയാത്തവരാണ് ക്ഷേമ പെൻഷൻകാരിൽ ഭൂരിപക്ഷവും. ഇവരോട് അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിനനുസരിച്ച തീയതിക്ക് ബാങ്കിലേക്ക് വരാൻ പറയുന്നത് അപ്രായോഗികമാണെന്നാണ് ബാങ്ക് മാനേജർമാരുടെ പക്ഷം.
സി.എസ്.പിക്കാർ മുങ്ങി
കേരളത്തിൽ ഏറ്രവും കൂടുതൽ ശാഖകളുള്ള എസ്.ബി.ഐ നിയോഗിച്ച കസ്റ്രമർ സർവീസ് പോയിന്റ് നടത്തിപ്പുകാർ ബാങ്ക് നിർദ്ദേശിച്ചിട്ടും ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ തയ്യാറായില്ല.. കൊറാണക്കാലത്ത് അമിതമായ തിരക്കിൽ ഇടപാട് നടത്താൻ ഭയന്നാണ് അവർ ഇതേറ്രെടുക്കാതിരുന്നത്. ഓരോ ജില്ലയിലും 50 ഓളം ശാഖകളിലാണ് എസ്.ബി.ഐക്ക് സ്വകാര്യ വ്യക്തികൾ നടത്തുന്ന സി.എസ്.പികളുള്ളത്.
പുതിയ പെൻഷൻ വിതരണ സംവിധാനം
അക്കൗണ്ടുകളുടെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചത്
ഏപ്രിൽ 2 - 9 മുതൽ 1 മണി വരെ അക്കൗണ്ട് നമ്പർ പൂജ്യത്തിൽ (0) അവസാനിക്കുന്നവരും
2 മുതൽ 5 മണി വരെ ഒന്നിൽ (1) അവസാനിക്കുന്നവരും,
ഏപ്രിൽ 3- രാവിലെ 2, ഉച്ചകഴിഞ്ഞ് 3
ഏപ്രിൽ 4- രാവിലെ 4, ഉച്ചകഴിഞ്ഞ് 5
ഏപ്രിൽ 6- രാവിലെ 6, ഉച്ചകഴിഞ്ഞ് 7
ഏപ്രിൽ 7- രാവിലെ 8, ഉച്ചകഴിഞ്ഞ് 9