കിളിമാനൂർ: അതിരാവിലെ എണീറ്റ് അടുക്കളയിൽ കയറി ഭർത്താവിനെ ജോലി സ്ഥലത്തേക്കും, മക്കളെ സ്കൂളിലോ, കോളേജിലോ ഒക്കെ അയയ്ക്കാൻ വെപ്രാളപ്പെട്ട് വീട്ടുജോലികൾ ആരംഭിക്കുന്ന വീട്ടമ്മ. എണീറ്റുടൻ ഒന്നു പത്രം നോക്കാൻ പോലും സമയമില്ലാതെ ജോലി സ്ഥലത്തേക്ക് പോകാൻ ധൃതി കൂട്ടുന്ന ഗൃഹനാഥൻ, സ്കൂളിലോ കോളേജിലോ ഒക്കെ പോകാൻ തലേ ദിവസം നോക്കി വച്ച പുസ്തകം തിരയുന്ന മക്കൾ, വൈകിട്ട് വീട്ടിൽ എത്തിയലോ മറ്റു പല തിരക്കുകളും.
പരസ്പരം സംസാരമോ കുശലം പറച്ചിലോ ഒന്നും ഇല്ല. തീർത്തും യന്ത്രം പോലെ ഒരു വീട്ടിൽ പരസ്പരം അന്യരെ പോലെ. ഇതായിരുന്നു കഴിഞ്ഞ കുറെ ദിവസം മുൻപ് വരെ നമ്മുടെ നാട്ടിലെ വീടുകളിലെ കാഴ്ച. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് കുടുംബങ്ങൾ ചുരുങ്ങിയപ്പോൾ ബന്ധങ്ങളും സഹകരണങ്ങളും കുറഞ്ഞു. എല്ലാവരും തിരക്കുകളിലുമായി. എന്നാൽ ഇപ്പോൾ കൊറോണ വന്നതോടെ എല്ലാവർക്കും സമയവുമുണ്ട്. സംസാരിക്കാൻ ആളുകളുമുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര, സഹകരണവും, സഹവർത്തിത്തവും വർദ്ധിച്ചു.