തിരുവനന്തപുരം: ലോക്ക്ഡൗൺ കാരണം കേരളത്തിൽ കുടുങ്ങിപ്പോയ തങ്ങളുടെ മുന്നൂറോളം പൗരന്മാരെ നാട്ടിലെത്തിക്കാൻ ജർമ്മൻ എംബസി ഏർപ്പെടുത്തിയ പ്രത്യേക വിമാനം ഇന്ന് തിരുവനന്തപുരത്തു നിന്ന് ഫ്രാങ്ക്ഫുർട്ടിലേക്ക് പറന്നുയരും. 315യാത്രക്കാരെ ഉൾക്കൊള്ളാനാവുന്ന എയർഇന്ത്യയുടെ ഡ്രീംലൈനർ വലിയ വിമാനം രാവിലെ ഒമ്പതരയ്ക്ക് പുറപ്പെട്ട് മുംബയിലിറങ്ങി ഇന്ധനം നിറച്ച്, ജീവനക്കാരെ മാറ്റിയശേഷം നേരെ ഫ്രാങ്ക്ഫുർട്ടിലേക്ക് പറക്കും.
ലോക്ക്ഡൗൺ കാരണം വിമാനത്താവളങ്ങൾ അടയ്ക്കുകയും രാജ്യാന്തര, ആഭ്യന്തര വിമാനസർവീസുകൾ നിറുത്തുകയും ചെയ്തതോടെ ടൂറിസത്തിനും ചികിത്സയ്ക്കുമായി കേരളത്തിലെത്തിയ ജർമ്മൻകാർ വിവിധ ജില്ലകളിൽ കുടുങ്ങി. ജർമ്മൻ എംബസി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി പ്രത്യേകവിമാനത്തിനുള്ള അനുമതി നേടിയെടുത്തു. പക്ഷേ, ജർമ്മൻ വിമാനത്തിന് ഇവിടെയിറങ്ങാൻ കേന്ദ്രം അനുമതി നൽകിയില്ല. ഇതോടെയാണ് മുംബയ്- ഫ്രാങ്ക്‌ഫുർട്ട് സർവീസ് നടത്തുന്ന എയർഇന്ത്യ വിമാനത്തിന് നറുക്കുവീണത്. ജർമ്മിനിയിൽ നിന്ന് വിമാനം കാലിയായി മുംബയിലേക്ക് മടങ്ങും.
ഒരാഴ്ചയായി അടച്ചിരുന്ന വിമാനത്താവളം ഇതിനായി തുറക്കും. എമിഗ്രേഷൻ, ടിക്കറ്റിംഗ്, സെക്യൂരിറ്രി, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് അടക്കം എല്ലാവിഭാഗങ്ങളിലെയും ജീവനക്കാർ ഡ്യൂട്ടിക്കെത്തണം. സാമൂഹ്യഅകലം പാലിക്കുന്നതടക്കം കർശന വ്യവസ്ഥകളോടെയാണ് ജർമ്മൻകാരെ വിമാനത്താവളത്തിൽ കടത്തുക. വിവിധ ജില്ലകളിൽ കുടുങ്ങിക്കിടന്ന ഇവരെ ടൂറിസംവകുപ്പ് തിരുവനന്തപുരത്തെത്തിച്ചു. രാവിലെ എട്ടിന് മുംബയിൽ നിന്ന് തിരുവനന്തപുരത്തെത്തുന്ന വിമാനത്തിനുള്ളിൽ അണുനാശക സംവിധാനങ്ങൾ പ്രയോഗിച്ച ശേഷമാവും യാത്രക്കാരെ കയറ്റുക. ബ്രിട്ടൺ, അമേരിക്ക അടക്കം പൗരന്മാരെ കൊണ്ടുപോകാൻ പ്രത്യേക വിമാനമിറക്കാൻ അനുമതി തേടിയിട്ടുണ്ട്.
പച്ചക്കറി കൊണ്ടുപോവാൻ
വിമാനങ്ങൾ ഇറങ്ങി
സംസ്ഥാനത്തു നിന്ന് ശേഖരിച്ച പച്ചക്കറി യു.എ.ഇയിലേക്ക് കൊണ്ടുപോകാൻ രണ്ട് എമിറേറ്റ്സ് വിമാനങ്ങൾ തിരുവനന്തപുരത്ത് ഇറക്കി. നേരത്തേയുള്ള ഓർഡർ പ്രകാരമുള്ള പച്ചക്കറിയാണ് കൊണ്ടുപോയത്. സാങ്കേതിക പരിശോധനയ്ക്കായി എയർഇന്ത്യയുടെ വിമാനവും ഇവിടെയിറക്കിയിരുന്നു.