തിരുവനന്തപുരം: ജില്ലയിൽ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച പോത്തൻകോട്,മലയിൻകീഴ്, പാറ്റൂർ, കൊല്ലം സ്വദേശികളുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തിറക്കി. വിദേശത്ത് പോകാത്ത പോത്തൻകോട് സ്വദേശി മാർച്ച് 2ന് പോത്തൻകോട് രാജശ്രീ ആഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് 2ന് മെഡിക്കൽ കോളേജിലെ സബ് ട്രഷറിയിലെത്തി. അവിടെ നിന്ന് നാഗൂരിൽ ബന്ധുവിന്റെ സംസ്‌കാരത്തിൽ പങ്കെടുത്ത് വീട്ടിലെത്തി. 6ന് വാവറമ്പലം ജുമാമസ്‌ജിദിലെത്തി. 11ന് നാഗൂരിൽ വീണ്ടും ബന്ധുവിന്റെ സംസ്കാരത്തിൽ പങ്കെടുത്തു. 13ന് വീണ്ടും വാവറമ്പലം പള്ളിയിലെത്തി. 17ന് ഉച്ചയ്ക്ക് 2 ഓടെ അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിലെത്തി. 18ന് കൊയ്‌ത്തൂർക്കോണത്തിന് സമീപത്തുള്ള പള്ളിയിൽ ബന്ധുവിന്റെ സംസ്കാരത്തിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 2.45ന് ബന്ധുവിനൊപ്പം തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി മടങ്ങി. 20ന് വാവറമ്പലത്തെ പള്ളിയിൽ വീണ്ടുമെത്തിയ ശേഷം സംസ്കാരത്തിൽ പങ്കെടുത്ത് വീട്ടിലെത്തി. 21ന് ഉച്ചയ്ക്ക് 3.45ന് തോന്നയ്ക്കൽ പി.എച്ച്.സിയിലെത്തി. 23ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലും തുടർന്ന് മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലും എത്തുകയായിരുന്നു.
മലയിൻകീഴ് സ്വദേശി 21ന് പുലർച്ചെ 2.30ന് ദുബായിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. രാവിലെ 6ന് ടാക്സിയിൽ മലയിൻകീഴ് കൊറ്റാംബൂരിലെ വീട്ടിൽ. 26ന് ആംബുലൻസിൽ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ കൊറോണ ക്ലിനിക്കിൽ എത്തി. 27ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ബ്രിട്ടനിൽ നിന്ന് 17ന് വിമാനത്തിൽ യാത്രതിരിച്ച പാറ്റൂർ സ്വദേശി 21ന് അഹമ്മദാബാദിലെത്തി. തുടർന്ന് ടാക്സിയിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്തു. 21ന് ഇൻഡിഗോ വിമാനത്തിൽ അഹമ്മദാബാദിൽ നിന്ന് വൈകിട്ട് 6ന് കൊച്ചിയിലെത്തി. വിമാനത്താവളത്തിന് സമീപത്തെ നിള ഷോപ്പിൽ നിന്ന് ജ്യൂസ് കുടിച്ച ശേഷം ഫെഡറൽ ബാങ്കിന്റെ എ.ടി.എമ്മിലെത്തി. തുടർന്ന് ഇൻഡിഗോയുടെ മറ്റൊരു വിമാനത്തിൽ രാത്രി 8ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. 8.45ന് തിരുവനന്തപുരത്തെത്തിയ ഇയാൾ അമ്മയ്ക്കൊപ്പം കാറിൽ വീട്ടിലെത്തി. തുടർന്ന് സ്വയം ഐസൊലേഷനിലായ ഇയാൾ 25ന് ഉച്ചയ്ക്ക് 12.30ന് ജനറൽ ആശുപത്രി കൊറോണ ക്ളിനിക്കിലെത്തി. 28ന് രാത്രി 11 ഓടെ മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ പ്രവേശിച്ചു.
കൊല്ലം സ്വദേശി 21ന് രാത്രി 9ന് ദുബായിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ശേഷം അവിടെ നിന്ന് നാഗർകോവിൽ തിരുനെൽവേലി വഴി 24ന് വൈകിട്ട് 4.30ന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തി. പരിശോധന നടത്തിയ പൊലീസ് ഇയാളെ ആംബുലൻസിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ജനറൽ ആശുപത്രിയിലെ കൊറോണ വാർഡിൽ പ്രവേശിപ്പിച്ചു.