തിരുവനന്തപുരം: ചങ്ങനാശ്ശേരി പായിപ്പാട്ട് അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടം ചേർന്ന് പ്രതിഷേധിച്ചതിന് പിന്നിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ കേരളം നേടിയ മുന്നേറ്റത്തെ താറടിച്ച് കാട്ടാനുള്ള ചില കുബുദ്ധികളുടെ ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു..
ഇതിന് പിന്നിൽ ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നലെ ഒരറസ്റ്റ് നടന്നു..വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പാക്കും. അന്യ സംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാനത്ത് 5178 ക്യാമ്പുകളാണുള്ളത്. അവർക്കാവശ്യമായ ഭക്ഷണവും ആരോഗ്യസുരക്ഷയും വൈദ്യസഹായവും ഉറപ്പാക്കുന്നു. ഒരിടത്തും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നില്ല. അവരുടേതായ ഭക്ഷണരീതി ആവശ്യപ്പെട്ടപ്പോൾ ആട്ടയും ഉരുളക്കിഴങ്ങും ഉള്ളിയും ദാലുമടക്കം ഏർപ്പാടാക്കി. നാട്ടിലേക്ക് പോകണമെന്നാണ് പായിപ്പാട്ട് കൂടിയവർ ആവശ്യപ്പെട്ടത്. ആളുകൾ നിൽക്കുന്നിടത്ത് തുടരാനാവശ്യപ്പെട്ടത് പ്രധാനമന്ത്രിയാണ്. സംസ്ഥാന സർക്കാർ തീരുമാനിച്ച് നടപ്പാക്കിയതല്ല. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ആഹ്വാനം ചെയ്തതനുസരിച്ച് കേരളവും അണി ചേരുകയാണുണ്ടായത്. അറിയാവുന്ന ഇക്കാര്യങ്ങളെയെല്ലാം മാറ്റിവച്ചുള്ള കൂടിച്ചേരലാണ് അവിടെയുണ്ടായത്.
സാധാരണ അന്തരീക്ഷത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും മറ്റും ഉറപ്പാക്കേണ്ടത് പണിയെടുപ്പിക്കുന്ന കരാറുകാരാണ്. അതിൽ പ്രശ്നങ്ങളുയർന്നപ്പോൾ മാന്യമായി താമസമൊരുക്കാൻ സർക്കാർ നടപടിയെടുത്തു. പകൽ അദ്ധ്വാനിച്ച് രാത്രി വന്ന് കിടന്നുറങ്ങാനൊരു സ്ഥലം എന്നതായിരുന്നു നേരത്തേയുള്ള അവസ്ഥ. എന്നാലിപ്പോൾ ജോലി മുടങ്ങിയ സ്ഥിതിക്ക് മുഴുവൻ സമയവും താമസസ്ഥലത്ത് കഴിയാനവർ നിർബന്ധിതരാവുന്നു. ചില ക്യാമ്പുകളിൽ വളരെയേറെപ്പേർ കഴിയുന്നത് പ്രശ്നം സൃഷ്ടിക്കാതിരിക്കാൻ ക്രമീകരണമേർപ്പെടുത്തി.ടെലിവിഷൻ സൗകര്യവുമൊരുക്കിയിട്ടുണ്ട്. അവർ നേരിടുന്ന മറ്റ് ചില പ്രശ്നങ്ങൾ അവരെ പറഞ്ഞ്ബോ ദ്ധ്യപ്പെടുത്തും. അവരുടെ ക്ഷേമമന്വേഷിക്കാൻ ഹിന്ദി അറിയാവുന്ന ഹോം ഗാർഡുകളെ ഉപയോഗിക്കുന്നു. . ഒറിയ, ഹിന്ദി, ബംഗാളി ഭാഷകളിലുള്ള സന്ദേശവും പ്രചരിപ്പിക്കും.
പായിപ്പാട്ടേത് രാഷ്ട്രീയ ഗൂഢാലോചനയാണോ എന്ന ചോദ്യത്തിന്, പൂർണ്ണമായി പറയാറായിട്ടില്ലെന്നായിരുന്നു മറുപടി. ചില സൂചനകളിൽ വ്യക്തതയുണ്ടായിട്ടുണ്ട്. മെസ്സേജുകൾ പോയതൊക്കെ മനസ്സിലാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.