police

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി , കടുത്ത വെയിലിനെയടക്കം നേരിട്ട് കഠിനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന പൊലീസുദ്യോഗസ്ഥരുടെ സുരക്ഷാകാര്യങ്ങൾ ഉറപ്പാക്കാൻ സായുധസേനാ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ നിയോഗിച്ചു. ജോലി സമയം ക്രമീകരിക്കൽ, ആരോഗ്യനിരീക്ഷണം, മാസ്കുകളും കൈയുറകളും മറ്റും ഉറപ്പാക്കൽ തുടങ്ങിയവ അദ്ദേഹത്തിന്റെ ചുമതലയിലായിരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സാഹചര്യം വിലയിരുത്തി കൈക്കൊള്ളേണ്ട പരിശോധനാകാര്യങ്ങളിലടക്കമുള്ള നിർദ്ദേശങ്ങൾ എല്ലാ പൊലീസുദ്യോഗസ്ഥർക്കും എ.ഡി.ജി.പി എസ്.എം.എസ് വഴി അയക്കും.ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി സംസ്ഥാനതല കൺട്രോൾറൂം തുറക്കും. ജില്ലാ അടിസ്ഥാനത്തിലും ഉദ്യോഗസ്ഥർക്ക് ചുമതലയുണ്ടാവും.

പൊലീസ് നടപടി കർശനമാക്കും

റോഡുകളിൽ ഇന്നലെ അല്പം തിരക്ക് കൂടാനിടയായ പശ്ചാത്തലത്തിൽ പൊലീസ് കൂടുതൽ കർക്കശമായി ഇടപെടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഒരിടത്തും ആളുകൾ കൂട്ടം കൂടാൻ അനുവദിക്കില്ല.

കണ്ണൂരിൽ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര കഴിഞ്ഞ ദിവസം ഏത്തമിടീപ്പിച്ച സംഭവത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണറിപ്പോർട്ട് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ , കർശനനടപടി വേണമെന്ന് നാട്ടുകാർ ഇന്നലെ ഇവിടെ വിളിച്ചുപറയുന്ന സ്ഥിതിയായി.. നിയന്ത്രണം പാലിക്കാതെ വന്നാൽ ശക്തമായി ഇടപെടേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.