കോവളം: വിവിധ സംസ്ഥാനങ്ങളിൽ മീൻപിടിത്തത്തിന് പോയി മടങ്ങിയെത്തി വിഴിഞ്ഞം കോട്ടപ്പുറം സെന്റ്‌മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിരീക്ഷണത്തിൽ കഴിയുന്ന 103 പേരെ നാലാഞ്ചിറയിലേക്ക് മാറ്റിയേക്കും. ഇവിടെ നിരീക്ഷണത്തിലുള്ളവർ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് പരാതിയുർന്നതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി നാലാഞ്ചിറയിലെ കൺവെൻഷൻ സെന്റർ സജ്ജമാക്കും. അടിമലത്തുറയിലെ കൺവെൻഷൻ സെന്ററിലുളളവരെ നേരത്തെ നാലാഞ്ചിറയിലേക്ക് മാറ്റിയിരുന്നു. വിഴിഞ്ഞത്ത് ക്യാമ്പിൽ കഴിയുന്നവർ തങ്ങൾക്ക് ഓരോരുത്തർത്തും പ്രത്യേകം ടോയ്ലെറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബന്ധുക്കളെത്തി ഇവരെ കാണുന്നതും ക്യാമ്പിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ഇടവക വികാരിയെത്തി അനുനയിപ്പിച്ചിട്ടും ഇവർ വഴങ്ങുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഇവരെ തുടക്കത്തിലേ ക്വാറന്റൈൻ പ്രോട്ടോക്കോളനുസരിച്ച് താമസിപ്പിച്ചിരുന്നെങ്കിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലായിരുന്നെന്ന് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു. ഇനിയും മടങ്ങി വരാനുള്ളവരെ പ്രോട്ടോക്കോൾ അനുസരിച്ച് താമസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.