കോട്ടയം: കൊറോണയെ പ്രതിരോധിക്കാൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തുന്നവർക്ക് ഇനി സാനിറ്റൈസർ, റോബോട്ട് നൽകും. കോട്ടയം വൈക്കം സ്വദേശിയായ ഹരികൃഷ്ണൻ നിർമ്മിച്ച ക്രോണി റോബോട്ട് ആണ് സാനിറ്റൈസർ നൽകുക. താലൂക്ക് ആശുപത്രിയിൽ എത്തുന്നവർക്ക് ഇതുവരെ സാനിറ്റൈസർ നൽകിയിരുന്നത് ആശുപത്രിയിലെ ജീവനക്കാരായിരുന്നു. ഹരികൃഷ്ണൻ നിർമ്മിച്ച ക്രോണി റോബോട്ട് ആളുകളിൽ കൗതുകത്തിനൊപ്പം ബോധവത്കരണവും നടത്തുന്നുണ്ട്.
15000 രൂപയിൽ താഴെ മാത്രമാണ് റോബോട്ടിന്റെ നിർമ്മാണ ചെലവ്. ലോകത്തിൽ എവിടെയും ഒരു മൊബൈലിലൂടെ വീടുകളുടെ സെക്യൂരിറ്റിയും ഓട്ടോമേഷനും ശബ്ദ നിയന്ത്രണത്തിലൂടെ കൺട്രോൾ ചെയ്യാവുന്ന സാങ്കേതിക സംവിധാനം കുറഞ്ഞ ചെലവിൽ സമൂഹത്തിലെ എല്ലാ തരക്കാരിലേക്കും എത്തിക്കാൻ ഒരു കമ്പനിയും ഹരികൃഷ്ണൻ നടത്തി വരുന്നുണ്ട്. റോബോട്ട് എത്തിയതോടെ മുഴുവൻ സമയവും സാനിറ്റൈസർ നൽകാൻ വേണ്ടി ജീവനക്കാരെ നിയോഗിക്കുന്ന ബുദ്ധിമുട്ടിൽ നിന്നും ഒഴിവായിരിക്കുകയാണ് വൈക്കം താലൂക്ക് ആശുപത്രി അധികൃതർ.