milma

തിരുവനന്തപുരം: കൊറോണ കാരണം കേരളത്തിന്റെ പാൽ വേണ്ടെന്ന് തമിഴ്നാട് തീരുമാനിച്ചതോടെ മിൽമയിൽ പ്രതിസന്ധി രൂക്ഷമായി. ലോക്ക് ഡൗണിൽ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്നതോടെ മിച്ചം വരുന്ന പാൽ, പാൽപൊടിയാക്കാനായി തമിഴ്നാട്ടിലേയ്ക്ക് കയറ്റി അയച്ചായിരുന്നു താത്കാലിക പ്രതിസന്ധി മിൽമ മറികടന്നിരുന്നത്. ഇത് പാൽ ബാക്കിയാവാത്ത അവസ്ഥയുണ്ടാക്കിയിരുന്നു. പാൽപൊടിക്കായി ബാക്കിവരുന്ന പാൽ കയറ്റി അയക്കുന്നത് കൊണ്ട് മിൽമയുടെ കീഴിലുള്ള എല്ലാ കർഷകരിൽ നിന്നും തടസമില്ലാതെ പാൽ ശേഖരിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കേരളത്തിന്റെ പാൽ ഇനി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കുലർ അയച്ചു.
നിലവിൽ ആറര ലക്ഷം ലിറ്റർ പാലാണ് മലബാർ മേഖലയിൽ നിന്ന് മാത്രം മിൽമ ശേഖരിക്കുന്നത്. ഇതിൽ മൂന്ന് ലക്ഷം ലിറ്റർ മാത്രമാണ് ചെലവാകുന്നത്. വളരെ കുറച്ച് മാത്രം പാൽഉത്പന്നങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിച്ചിരുന്നു. ബാക്കിയുള്ളതാണ് പാൽപൊടിക്കായി തമിഴ്നാട്ടിലേക്ക് അയച്ചിരുന്നത്.
കേരളത്തിൽ എറണാകുളത്ത് മാത്രമാണ് പാൽപൊടി നിർമ്മാണ കേന്ദ്രമുള്ളത്. അവിടെ മിൽമയുടെ വളരെ കുറഞ്ഞ അളവ് മാത്രമാണ് പൊടിയാക്കാൻ കഴിയുന്നത്. ഒരു ലക്ഷത്തോളം കർഷകരാണ് മലബാർ മേഖലയിൽ ഇപ്പോഴുള്ളത്. ഇവരാണ് യഥാർത്ഥത്തിൽ പ്രതിസന്ധിയിലായത്. ഇതോടെ നാളെ മുതൽ മിൽമ മലബാർ മേഖലയിൽ പാൽ സംഭരണം നിർത്താനുള്ള നീക്കത്തിലാണ്.