മുംബയ്: കൊറോണയുടെ പശ്ചാത്തലത്തിൽ നികുതിയും റിട്ടേണും സമർപ്പിക്കുന്നതിനുമുള്ള സമയപരിധി നീട്ടിയതിനാൽ 2019-20 സാമ്പത്തികവർഷം 15 മാസമായി നീട്ടണമെന്ന് ഓഡിറ്റർമാരും വിവിധ വ്യവസായ സംഘടനകളും കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. ശുപാർശപ്രകാരം 2019- 20 സാമ്പത്തിക വർഷം ജൂൺ വരെ നീട്ടണം. ജൂലായിൽ തുടങ്ങുന്ന പുതിയ സാമ്പത്തികവർഷം 2021 മാർച്ചിൽ അവസാനിപ്പിക്കാനാകും. കമ്പനികൾക്ക് കണക്കുകൾ പരിശോധിക്കാൻ കൂടുതൽ സമയം നൽകുന്നതിനും ഓഡിറ്റർമാർക്ക് നേരിട്ട് പരിശോധന നടത്താൻ അവസരമൊരുക്കാനുമാണ് സാമ്പത്തികവർഷം നീട്ടണമെന്ന ആവശ്യം ശക്തമാകുന്നത്.
വ്യവസായ ലോകത്ത് കൊറോണയുടെ പ്രത്യാഘാതം ഏതാനം വർഷം നിലനിൽക്കും. ഇക്കാലത്ത് വ്യവസായം മരവിച്ച സ്ഥിതിയിലായിരിക്കുമെന്നും കമ്പനികൾക്ക് നഷ്ടം മാത്രമായിരിക്കും ഉണ്ടാകുകയെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വ്യക്തമാക്കി. വിവിധ സ്ഥാപനങ്ങളിൽ നേരിട്ടെത്തി പരിശോധിക്കുന്നതിനും അവരുടെ ആസ്തികളും ബാലൻസ് ഷീറ്റും വിലയിരുത്തുന്നതിനും കൊറോണ തടസമാവുകയാണെന്ന് ഓഡിറ്റിംഗ് സ്ഥാപനങ്ങളും പറയുന്നു. ലോക്ക് ഡൗൺ കാലത്ത് കമ്പനികളുടെ ബുക്ക് ക്ലോസ് ചെയ്യാനും സാമ്പത്തിക റിപ്പോർട്ട് തയ്യാറാക്കാനും പ്രായോഗിക ബുദ്ധിമുട്ടുള്ളതായി കൺസൾട്ടിംഗ് സ്ഥാപനങ്ങൾ വ്യക്തമാക്കി. സാമ്പത്തികവർഷം നീട്ടുന്നതിലൂടെ കമ്പനികൾക്ക് ഇതിൽ വലിയ ആശ്വാസമാകും ലഭിക്കുക.