ലോകത്തെ ഏറ്റവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ് മാതളനാരങ്ങ. നമ്മുടെ ശരീരത്തിന് അവിശ്വസനീയമായ ഗുണങ്ങൾ നൽകാൻ മാതളനാരങ്ങയ്ക്ക് കഴിയും. പുരാണങ്ങളിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള മാതളനാരങ്ങ അറിയപ്പെടുന്നത് തന്നെ ' ഡിവൈൻ ഫ്രൂട്ട് ' എന്നാണ്. വിറ്റമിൻ എ, വിറ്റമിൻ സി, വിറ്റമിൻ ഇ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ കലവറയായ മാതള നാരങ്ങ മികച്ച ആന്റി - ഓക്സിഡന്റാണ്. വൈൻ, ഗ്രീൻ ടീ എന്നിവയിലുള്ളതിനെക്കാൾ മൂന്നിരട്ടി ആന്റി - ഓക്സിഡന്റുകളാണ് മാതളനാരങ്ങയിലുള്ളത്. മാതള നാരങ്ങ സ്ഥിരമായി കഴിക്കുന്നത് വഴി രോഗങ്ങളെ ചെറുക്കാനും സാധിക്കും. മാതള നാരങ്ങയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ക്രീമുകളെ മാറ്റി നിറുത്തൂ..
സൗന്ദര്യവർദ്ധക ക്രീമുകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.... കൃത്രിമമായ ഈ ക്രീമുകളെക്കാൾ ചർമത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനുള്ള മികച്ച ഉപാധിയാണ് മാതള നാരങ്ങ. മാതളത്തിലെ ആന്റി - ഓക്സിഡന്റ്സ് ചർമ്മത്തിലെ അനാവശ്യ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. മാതള നാരങ്ങയുടെ കുരുവിനും തൊലിയ്ക്കും ഒരു പോലെ ഔഷധ ഗുണമുണ്ട്. ചർമത്തിലെ ചുളിവുകളെ അകറ്റി തിളക്കം വർദ്ധിപ്പിക്കാൻ മാതളത്തിലടങ്ങിയിരിക്കുന്ന വിറ്റമിനുകൾ സഹായിക്കുന്നു. വെയിലും പൊടിയും കാരണം ശരീരത്തിൽ കടന്നുകൂടുന്ന ഫ്രീ റാഡിക്കലുകളെ മാതളം പുറന്തള്ളി അകാല വാർദ്ധക്യത്തിൽ നിന്നും സംരക്ഷിക്കുന്നു.
രോഗങ്ങളെ ചെറുക്കുന്നു
പ്രായം കൂടുന്നതിനും ജീവിതശൈലിയുമനുസരിച്ച് നമ്മുടെ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി കട്ടികൂടാനിടയുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ ശത്രുവാണ് മാതളനാരങ്ങ. മാതളനാരങ്ങ കഴിക്കുന്നത് വഴി ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാകുകയും ധമനികളുടെ തടസം നീക്കം ഇല്ലാതാക്കാൻ സഹായകമാകുകയും ചെയ്യുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാൻ മാതള നാരങ്ങ സഹായിക്കുന്നു. വിറ്റമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യുന്നു. ഇതിലൂടെ രക്തക്കുറവ് പരിഹരിച്ച് ശരീരത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നു. പ്രോസ്റ്റേറ്റ് കാൻസറിനെതിരെ പൊരുതാൻ മാതളനാരങ്ങയ്ക്ക് ശേഷിയുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മാതളം കാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാർഡിയോവാസ്കുലാർ രോഗങ്ങൾ ഒരു പരിധി വരെ വരാതെ നോക്കാനും ഓർമ ശക്തി വാർദ്ധിപ്പിക്കാനും മാതളനാരങ്ങയ്ക്ക് കഴിയും. മാതള നാരങ്ങയിലടങ്ങിയിരിക്കുന്ന 45 ശതമാനം ഫൈബർ ദഹനപ്രക്രിയ വേഗത്തിലാക്കുന്നു. ശരീരഭാരം കുറയ്ക്കാനും ഫൈബർ ഉത്തമമാണ്. അതുപോലെ തന്നെ വിറ്റമിൻ സി പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. രക്ത സമ്മർദ്ദം കുറയ്ക്കാനും മാതള നാരങ്ങ മികച്ചതാണ്. വൃക്കരോഗങ്ങളുള്ളവർ ദിവസവും മാതള ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. പഞ്ചസാരയുടെ അളവ് കുറവാണെന്നതാണ് മാതള നാരങ്ങയുടെ മറ്റൊരു ഗുണം. അതുകൊണ്ട് പ്രമേഹരോഗികൾക്കും ഇത് അനുയോജ്യമാണ്.
തൊലി കളയരുതേ
പലരും മാതളനാരങ്ങയുടെ തൊലികൾ വെറുതെ കളയുകയാണ് പതിവ്. എന്നാൽ ഉള്ളിലെന്നപോലെ തന്നെ മാതള നാരങ്ങയുടെ തൊലിയ്ക്കും ഔഷധഗുണങ്ങൾ ഏറെയാണ്. മാതളനാരങ്ങയുടെ തൊലിയും കുരുവും അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവും പാടുകളും അകറ്റി നിറം വർദ്ധിപ്പിക്കുന്നു. ഒപ്പം ചുളിവുകൾ ഇല്ലാതാക്കി മുഖം തിളങ്ങാനും അനുവദിക്കുന്നു. മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് ഏറെ നാൾ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ചർമത്തിലെ അണുബാധ തടയാനും മാതളനാരങ്ങയുടെ തൊലിയ്ക്ക് സാധിക്കും. മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് ദിവസവും പല്ലുതേക്കുന്നത് പല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.