corona-death

​​​​ന്യൂഡൽഹി: നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പ‌ങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുൻ അദ്ധ്യാപകൻ ഡോ. സലീം ആണ് മരിച്ചത്. പനി ബാധിച്ചാണ് മരണം.ഇദ്ദേഹത്തിന് ഹൃദ് രോഗവും പനിയുൾപ്പെടെ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. എന്നാൽ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഡോ. സലീം ഉൾപ്പെടെ പത്തനംതിട്ട സ്വദേശികളായ മൂന്ന് പേർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മറ്റുരണ്ടുപേർ ഡൽഹിയിൽ നിരീക്ഷണത്തിലാണ്.


ലോക്ക് ഡൗണിനെ തുടർന്ന് മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ കഴിയാത്തതിനാൽ ഡൽഹിയിൽ തന്നെ സംസ്‌കരിക്കുകയായിരുന്നു. നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ ഈ മാസം 18ന് ആയിരുന്നു തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം നടന്നത്. ഇതിൽ പ‌ങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പേർ ഹോം ക്വാറന്റീനിലാണ്. കൂടുതൽ പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോക്ഡൗൺ കർശനമാക്കുകയും കൂടുതൽ പൊലീസിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.


വിവിധരാജ്യങ്ങളിൽ നിന്നുള്ളവരടക്കം രണ്ടായിരത്തിലധികം പേർ മതസമ്മേളനത്തിൽ പങ്കെടുത്തുവെന്നാണ് കരുതുന്നത്. ഇവിടെനിന്നു മടങ്ങിയ രണ്ടുപേർ കൊറോണ ബാധിച്ചു മരിക്കുകയും വിദേശികൾ ഉൾപ്പെടെ ഇരുപതിലേറെ പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ചു ശ്രീനഗറിൽ മരിച്ച 65 വയസ്സുകാരൻ, തമിഴ്നാട്ടിലെ മധുരയിൽ മരിച്ച 54 വയസ്സുകാരൻ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

മതസമ്മേളനത്തിൽ പങ്കെടുത്തവർ സ്വമേധയാ അധികൃതരെ ഇക്കാര്യം അറിയിക്കണമെന്ന് തെലങ്കാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻ പ്രകാരം 10 ഇൻഡോനേഷ്യക്കാർ തെലങ്കാനയിലെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടു. ഇവരിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
നിരവധിപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ നിസാമുദ്ദീൻ പ്രദേശം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. പള്ളിയോട് ചേർന്ന് താമസിക്കുന്നവരെ ഇവിടെ നിന്നു മാറ്റിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണ ഡൽഹിയിലുള്ള നിസാമുദീൻ വെസ്റ്റ്, നിസാമുദീൻ ബസ്തി പ്രദേശങ്ങൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണ്.അതേസമയം അനുമതിയില്ലാതെ മതസമ്മേളനം നടത്താൻ നേതൃത്വം നൽകിയവർക്കെതിരെ കേസെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നിർദ്ദേശം നൽകിയിട്ടുണ്ട്.