തിരുവനന്തപുരം: മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സർക്കാർ ഉത്തരവ് പാലിക്കില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു. അശാസ്ത്രീയമായ ഉത്തരവാണിത്. മെഡിക്കൽ മാർഗരേഖയ്ക്ക് വിരുദ്ധമായ ഉത്തരവ് പാലിക്കാൻ ഡോക്ടർമാർ തയാറല്ലെന്നും ഇതിന്റെ പേരിൽ നടപടിയുണ്ടായാൽ നേരിടുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.
മദ്യപാനത്തിന് അടിമപ്പെട്ടവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കാമെന്ന ഉത്തരവ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മദ്യം ലഭിക്കാതെ ചിലർ മരിച്ചതും ചിലർ ചികിത്സ തേടിയതും കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം.
മദ്യാസക്തിക്ക് മദ്യം മരുന്നല്ല എന്നാണ് ഡോക്ടർമാരുടെ നിലപാട്. ഇത് തെറ്റായ പ്രവണതയാണെന്നും തീരുമാനത്തോട് യോജിപ്പില്ലെന്നും ഡോക്ടർമാർ നിലപാടെടുത്തിരുന്നു. ഇത് കണക്കിലെടുക്കാതെ സർക്കാർ ഉത്തരവിറക്കുകയായിരുന്നു. അതിനെതിരെയാണ് ഉത്തരവ് പാലിക്കില്ലെന്ന പ്രഖ്യാപനവുമായി കെ.ജി.എം.ഒ.എ രംഗത്തുവന്നിരിക്കുന്നത്.
മദ്യപാനികൾക്ക് കുറിപ്പടി കൊടുത്താൽ അതിന്റെ അടിസ്ഥാനത്തിലായിരിക്കും എക്സൈസ് മദ്യം നൽകുന്നത്. എന്നാൽ മദ്യപാനിക്ക് മദ്യം കുടിച്ച് എന്തെങ്കിലും കുഴപ്പമുണ്ടായാൽ കുറിപ്പടി കൊടുത്ത ഡോക്ടർമാരായിരിക്കും ഉത്തരവാദി. ഇതാണ് ഡോക്ടർമാരെ പിൻതിരിപ്പിക്കുന്നത്. മദ്യപാനികളിധികം പേരുടെയും ആരോഗ്യ നില വളരെ മോശമാണ്. പലവിധരോഗമുള്ളവരുമുണ്ട്. ഇതുമാത്രവുമല്ല, കുറിപ്പടിക്കെത്തുന്ന മദ്യപാനികളെക്കൊണ്ട് ഡോക്ടർമാർക്ക് ഇരിക്കപ്പൊറുതിയില്ലാതാവും. ഇതും ഡോക്ടർമാർ കുറിപ്പെഴുതി നൽകുന്നതിൽ നിന്ന് പിൻതിരിപ്പിക്കുകയാണ്.