-world-bank

ന്യൂയോർക്ക്: ലോക രാജ്യങ്ങളുടെ സമ്പൂർണ അടച്ച് പൂട്ടലിനെ തുടർന്ന് ആഗോള സമ്പദ് വ്യവസ്ഥ വൻ പ്രതിസന്ധിയിലേക്ക്. സമ്പദ് ഘടനയുടെ വളർച്ച സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ കിഴക്കനേഷ്യയിലെ 1.10 കോടി പേർ കടുത്ത ദാരിദ്ര്യത്തിലാകുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

കൊറോണയിൽ നിന്ന് വിമുക്തമായെങ്കിലും ചൈനയിൽ വളർച്ച 2.3ശതമാനമായി കുറയും. 2019ൽ 6.1ശതമാനമായിരുന്നു ചൈനയിലെ വളർച്ച. ലോക ജനസംഖ്യയുടെ അഞ്ചിൽ രണ്ടുപേരും അടച്ചിടലിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയിട്ടതും ഗതാഗതം നിറുത്തിവച്ചതും രാജ്യത്തെ സാരമായി ബാധിച്ചു. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈന താത്കാലികമായി ഉയർത്തെഴുന്നേറ്റാലും സാമ്പത്തിക മാന്ദ്യത്തെ നേരിടേണ്ടി വരുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

കൊറോണ വ്യാപിക്കുന്നതിനും രണ്ടു മാസം മുമ്പ് ചൈന 5.9 ശതമാനം വളർച്ച നേടുമെന്നായിരുന്നു ലോക ബാങ്കിന്റെ സാമ്പത്തിക വിദഗ്ദ്ധരുടെ നിഗമനം. ഇതുതന്നെ 1990നുശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണ്. വ്യാപാരം, ചരക്കുനീക്കം, വിനോദസഞ്ചാരം എന്നിവയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാകും കടുത്ത സാമ്പത്തിക ഭീഷണി നേരിടേണ്ടി വരികയെന്നും ലോക് ബാങ്ക് വെളിപ്പെടുത്തി.