തിരുവനന്തപുരം: കൊറോണയുടെ മാരക വിപത്തുകൾ കൂട്ടാക്കാതെ വിദേശത്ത് നിന്നെത്തിയ ചിലർ നാടാകെ മഹാമാരി വിതച്ചപ്പോൾ നാടിന് കരുതലായിരുന്നു സാബുവിന്റെ ജാഗ്രത. ഏഴാം ക്ളാസ് വിദ്യാർത്ഥിനിയായ മകൾ സിദ്ധയെ മദ്ധ്യവേനലവധിക്ക് താനും നഴ്സായ ഭാര്യയും ജോലിനോക്കുന്ന ലണ്ടനിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ കഴിഞ്ഞ 18ന് നാട്ടിലെത്തിയതാണ് കരുനാഗപ്പള്ളി തഴവ മാധവത്തിൽ സോമന്റെ മകൻ സാബു (39).
കൊറോണ വ്യാപനത്തിന്റെ തുടക്കമായിരുന്ന മാർച്ച് 17ന് ലണ്ടനിലെ താമസസ്ഥലത്ത് നിന്ന് എയർപോർട്ടിലേക്ക് യാത്രപറഞ്ഞിറങ്ങിയത് മാസ്കും ഗ്ലൗസും ധരിച്ചു കൊണ്ട് തന്നെ. ലണ്ടനിൽ നിന്ന് ദുബായ് വഴിയായിരുന്നു നാട്ടിലേക്കുള്ള യാത്ര. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് കണക്ഷൻ ഫ്ളൈറ്റായിരുന്നു. ലണ്ടനിൽ നിന്ന് തിരിച്ചപ്പോൾ തന്നെ നാട്ടിലെ സുഹൃത്തായ ഹരീഷിനോട് കാറുമായി അടുത്തദിവസം തിരുവനന്തപുരം എയർപോട്ടിലെത്തി വെളിയിൽ പാർക്ക് ചെയ്തശേഷം ദൂരെ മാറി നിന്നോളണമെന്ന് ചട്ടം കെട്ടി.
ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലുള്ള സഹയാത്രികന് കൊറോണബാധയുള്ള കാര്യമൊന്നും സാബു അറിഞ്ഞിരുന്നില്ല. വിമാനത്തിൽ വച്ച് ലഭിച്ച ഫോം പൂരിപ്പിച്ച് എയർപോർട്ടിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർക്ക് നൽകി. രണ്ടാഴ്ച വീട്ടിൽ കഴിയണമെന്നുള്ള നിർദ്ദേശവും ആവശ്യമുണ്ടായാൽ വിളിക്കാൻ ദിശയിലെ ഫോൺ നമ്പരും സ്വീകരിച്ച് സാബു പുറത്തിറങ്ങി. ദൂരെ നിൽക്കുന്ന സുഹൃത്തിനെ കണ്ട മാത്ര അടുത്തേക്ക് വരേണ്ടെന്ന് ആംഗ്യം കാണിച്ച സാബുവിനെ ഹരീഷ് കാർ കിടക്കുന്നത് ചൂണ്ടിക്കാണിച്ചു. സുഹൃത്തിനോട് ട്രെയിനിലോ ബസിലോ നാട്ടിലേക്ക് വരാൻ നിർദേശിച്ചശേഷം കാറിൽ കയറിയ സാബു ഇടയ്ക്ക് ഒരിടത്തും നിർത്താതെ നേരെ തഴവയിലെ വീട്ടിലെത്തി.
നാട്ടിലേക്ക് വരുന്നതിനെ പറ്റി ആലോചിച്ചപ്പോൾ തന്നെ മകളെ വീട്ടിൽ നിന്നും കുറച്ചകലെയുള്ള മാതൃ ഗൃഹത്തിലേക്ക് മാറ്റിയിരുന്നു. ആളും ആരവവുമില്ലാത്ത മാധവത്തിലേക്കാണ് സാബു കാറിൽ നിന്നിറങ്ങി നടന്നു കയറിയത്. ആ കയറ്റം വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഒരു ഏകാന്ത വാസത്തിലേക്കായിരുന്നു.
റൂമിനോട് ചേർന്നുള്ള ടോയ്ലറ്റിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റി. അവിടെതന്നെ വസ്ത്രങ്ങളും കഴുകി ഉണക്കി. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും പ്രത്യേകം പാത്രങ്ങൾ കരുതി. താഴെ നിന്ന് അമ്മ തയ്യാറാക്കി സ്റ്റെയർകേയ്സിന്റെ പടിയിലെത്തിക്കുന്ന ആഹാരം അമ്മ പോയികഴിഞ്ഞശേഷം എടുത്ത് റൂമിലെത്തിച്ച് കഴിക്കും. മെബൈൽഫോൺ മാത്രമായിരുന്നു ആകെയുണ്ടായിരുന്ന കൂട്ട്. ഏതാനും ദിവസങ്ങൾക്ക് ശേഷം സഹയാത്രികന് കൊറോണ സ്ഥിരീകരിച്ച വാർത്ത കേട്ടെങ്കിലും പതറിയില്ല. ആത്മ വിശ്വാസം കരുത്തു പകർന്നു.
രണ്ട് ദിവസം മുമ്പ് ആരോഗ്യ പ്രവർത്തകരെത്തി സാബുവിന്റെ രക്തവും സ്രവവും പരിശോധനയ്ക്ക് ശേഖരിച്ചു. ഇന്ന് മെഡിക്കൽ ഓഫീസർ വിളിച്ച് ഫലം പറഞ്ഞു-സാബു കൊറോണ രോഗിയല്ല. കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷന് കിഴക്ക് ഫാബ്രിക്കേഷൻ മെറ്റീരിയൽസ് വിൽക്കുന്ന സിദ്ധ ട്രേഡേഴ്സിന്റെ ഉടമകൂടിയായ സാബുവിന്റെ തികഞ്ഞ ജാഗ്രതയും നിശ്ചയദാർഢ്യവുമാണ് തന്നെയും അതിലുപരി നാടിനെയും കൊറോണയെന്ന മഹാമാരിയിൽ നിന്ന് രക്ഷിച്ചത്. കൊറോണ രോഗമില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും മകളെ കാണാനുള്ള ആഗ്രഹം മനസിൽ വിരുമ്പോഴും ഏതാനും ദിവസം കൂടി നിരീക്ഷണത്തിൽ തുടരാനാണ് സാബുവിന്റെ തീരുമാനം.