കൊറോണയുടെ സമൂഹവ്യാപനത്തിൽ നിന്ന് സംസ്ഥാനം ഇതുവരെ രക്ഷപ്പെട്ടുനിൽക്കുകയാണ്. എങ്കിലും രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും സംഖ്യ ഓരോ ദിവസവും ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഇവിടെയാണ് - 234. നിരീക്ഷണത്തിൽ കഴിയുന്നവർ ഒന്നരലക്ഷത്തിലേറെയും. ഏറ്റവും ഒടുവിൽ രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ സമ്പർക്ക വിവരങ്ങൾ കൃത്യമായി നിർണയിക്കപ്പെടാനാകാതെ ആരോഗ്യ പ്രവർത്തകർ കുഴങ്ങുകയാണ്. രോഗവ്യാപനം ചെറുക്കാൻ ഇതിനകം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ട കർക്കശ നടപടികൾ വളരെയധികം ഫലം ചെയ്തിട്ടുണ്ട്.
ഏപ്രിൽ പകുതിയോടെ ലോക്ക് ഡൗൺ അവസാനിക്കുന്നതിനു മുമ്പ് യഥാർത്ഥ സ്ഥിതി ഏതാണ്ട് അറിയാനാകുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. സമ്പർക്ക വിലക്ക് തടയുന്ന ലോക്ക് ഡൗൺ കൊറോണയുടെ സാമൂഹ്യ വ്യാപനത്തിനെതിരെയുള്ള ദിവ്യൗഷധം തന്നെയാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
രാജ്യത്ത് മറ്റു രാജ്യങ്ങളിലെപ്പോലെ രോഗവ്യാപനം ഭയാനകമായ തോതിലുണ്ടായിട്ടില്ലെന്നതാണ് ഏറെ ആശ്വാസകരം. എങ്കിലും വളരെയധികം പേർ നിരീക്ഷണത്തിലിരിക്കുന്ന വസ്തുത അവഗണിക്കാവുന്നതല്ല. പരിശോധനാഫലം പുറത്തുവന്നാലേ യഥാർത്ഥ സ്ഥിതി തിട്ടപ്പെടുത്താനാവൂ. പരിശോധന കൂടുതൽ എളുപ്പത്തിലും ചെലവു കുറച്ചും നടത്താനുള്ള സാങ്കേതിക വിദ്യകൾ ഇതിനകം തദ്ദേശീയമായി വികസിപ്പിക്കാൻ കഴിഞ്ഞത് ഈ സന്ദർഭത്തിൽ വലിയ നേട്ടം തന്നെയാണ്. നമ്മുടെ സ്വന്തം ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ഈ രംഗത്ത് സുപ്രധാന നേട്ടം കൈവരിച്ചുകഴിഞ്ഞു. ദ്രുതപരിശോധനയ്ക്കുള്ള അംഗീകാരം ഐ.സി.എം.ആർ നൽകിയതോടെ ഈയാഴ്ച തന്നെ സംസ്ഥാനത്ത് വ്യാപകമായ നിലയിൽ പരിശോധന ആരംഭിക്കും.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പരിശോധനാഫലം ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ പിന്തുടരുന്ന പരിശോധനാ സമ്പ്രദായം ഏറെ സമയം വേണ്ടിവരുന്നതാണ്. സാമ്പിൾ അയച്ചുകഴിഞ്ഞാൽ ഫലം അറിയാൻ ചിലപ്പോൾ രണ്ടും മൂന്നും ദിവസം തന്നെ വേണ്ടിവരും. സ്രവ പരിശോധനയ്ക്കു പകരം രക്തം പരിശോധിച്ച് വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്നതാണ് പുതിയ പരിശോധന. ഏറ്റവും ലഘുവായ പരിശോധനാ കിറ്റാണ് ദ്രുത പരിശോധനയ്ക്ക് വേണ്ടി വികസിപ്പിച്ചിരിക്കുന്നത്. വളരെയധികം പേരെ പരിശോധിക്കേണ്ട അടിയന്തര ഘട്ടങ്ങളിൽ വളരെയധികം പ്രയോജനപ്രദമാണ് ദ്രുത പരിശോധനാ സമ്പ്രദായം.
രോഗികളുടെ സംഖ്യ ക്രമാതീതമായി ഉയരുന്നില്ലെന്നത് ആശ്വാസകരമാണെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കരുതൽ എടുത്തേ മതിയാകൂ. കൂടുതൽ പേരെ ചികിത്സിക്കേണ്ട ഘട്ടമുണ്ടായാൽ ആശുപത്രികൾ അതിനനുസരിച്ച് സജ്ജമാകേണ്ടിവരും. കൊറോണ ചികിത്സയിൽ അവശ്യം വേണ്ടത് വെന്റിലേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ്. സംസ്ഥാനത്തെ മൊത്തം വലിയ ആശുപത്രികളെല്ലാം കൂടി എടുത്താലും നിലവിലുള്ള വെന്റിലേറ്ററുകൾ പതിനായിരത്തിൽ തഴെയെ വരൂ. രാജ്യത്തെ സ്ഥിതിയും മറിച്ചല്ല. ചെലവു കുറഞ്ഞ വെന്റിലേറ്ററുകൾ നിർമ്മിച്ച് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ രാജ്യമെങ്ങും നടന്നുകൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണിലായതോടെ ഉത്‌പാദനം നിറുത്തിവയ്ക്കേണ്ടിവന്ന കാർ നിർമ്മാണ കമ്പനികൾ വെന്റിലേറ്റർ നിർമ്മാണത്തിലേക്ക് തിരിഞ്ഞത് നല്ല മാതൃകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. അതുപോലെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും കേരളത്തിലെ സ്റ്റാർട്ട് അപ്പ് കമ്പനിയായ സൂപ്പർ ഫാബ് ലാബും വൻതോതിൽ വെന്റിലേറ്റർ നിർമ്മാണത്തിൽ പങ്കാളികളാകാൻ പോവുകയാണ്.
അടിയന്തരാവശ്യംനേരിട്ടാൽ രോഗികളെ കിടത്താൻ റെയിൽവേയും സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. അനവധി ട്രെയിനുകൾ എല്ലാവിധ ആശുപത്രി സജ്ജീകരണങ്ങളോടും കൂടി കിടത്തി ചികിത്സയ്ക്കുവേണ്ടി ഒരുക്കിനിറുത്തിയിട്ടുണ്ട്. രോഗവ്യാപന ഭീതിക്കിടയിലും വളരെയധികം ആശ്വാസം നൽകുന്നതാണ് രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ.
സംസ്ഥാനത്ത് കൊറോണയുടെ രണ്ടാം ഘട്ടത്തിൽ ആദ്യമായി രോഗം പിടിപെട്ട പത്തനംതിട്ടയിലെ അഞ്ചംഗ കടുംബം പൂർണസുഖം പ്രാപിച്ച് തിങ്കളാഴ്ച ആശുപത്രി വിടുന്നതിന്റെ ചിത്രം രോഗഭീതിയിൽ കഴിയുന്ന വലിയ വിഭാഗം ജനങ്ങൾക്ക് വളരെയധികം പ്രത്യാശ നൽകുന്നതാണ്. നിരീക്ഷണത്തിലുള്ളവരിൽ ആറായിരത്തിലധികം പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന കണ്ടെത്തലും കൂടുതൽ ആത്മവിശ്വാസം പകരുന്നു. ദ്രുത പരിശോധന വ്യാപകമാകുമ്പോൾ ഇപ്പോഴത്തെക്കാൾ വേഗത്തിൽ കാര്യങ്ങൾ തിരിച്ചറിയാനാകുമെന്നു സമാധാനിക്കാം.
ഇതുവരെയുള്ള കരുതൽ നടപടികൾ ഉദ്ദേശിച്ച ഫലം നൽകിയിട്ടുണ്ടെന്നാണു വിലയിരുത്തൽ. എങ്കിലും അലംഭാവത്തിനോ ജാഗ്രതക്കുറവിനോ വഴിവയ്ക്കുന്ന ഒന്നും തന്നെ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാത്തതാണ്. നിയന്ത്രണങ്ങൾ ലംഘിക്കാനുള്ള പ്രവണതയ്ക്ക് നല്ലതോതിൽ ശമനമുണ്ടായത് പൊലീസിന്റെ കർക്കശമായ ഇടപെടലിനെത്തുടർന്നാണ്. എന്നിട്ടും നിരവധി പേർ നിയന്ത്രണം ലംഘിച്ചതിന്റെ പേരിൽ ദിവസേന പിടികൂടപ്പെടുന്നു. സൗജന്യ ധാന്യ വിതരണം, ക്ഷേമ പെൻഷൻ വിതരണം, ശമ്പളം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഈയാഴ്ച ബാങ്കുകളിലും റേഷൻ കടകളിലുമൊക്കെ വൻതോതിൽ ആൾക്കൂട്ടത്തിന് സാദ്ധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ വീണ്ടും ശക്തമാക്കേണ്ടിവരും. ആളുകൾ ജാഗ്രത പാലിച്ചാലേ രോഗപ്രതിരോധ നടപടികൾ വിജയിക്കുകയുള്ളൂ എന്നു പ്രത്യേകിച്ച് പറയേണ്ടതില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സ്വാഭാവികമായും ബുദ്ധിമുട്ടു തന്നെയാണ്. അതുപക്ഷേ സ്വന്തം ജീവനു വേണ്ടിയുള്ള രക്ഷാകവചം കൂടിയാണെന്ന് ഏവരും തിരിച്ചറിയുകതന്നെ വേണം. രോഗം പടരാതിരിക്കാനുള്ള ഏക മാർഗം സമൂഹ സമ്പർക്കത്തിന് പൂർണ വിരാമമിടുക എന്നതു മാത്രമാണ്. ലോക്ക് ഡൗണിന്റെ ശേഷിക്കുന്ന ദിവസങ്ങളിലും ഇപ്പോൾ കാണുന്ന ജാഗ്രതകൈമോശം വന്നുകൂടാ.