arrest

കല്ലമ്പലം: രോഗിയായ പിതാവിനെ മർദ്ദിച്ച പതിനേഴുകാരൻ പിടിയിൽ. ശരീരം തളർന്ന് പരസഹായം കൂടാതെ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത പിതാവിനെ പ്രയാപൂർത്തിയാകാത്ത മകൻ തറയിൽ തള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തത്. ഇയാളുടെ സഹോദരിയാണ് വീഡിയോ പകർത്തി വാട്ട്സ് ആപ്പിലിട്ടത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി യുവാവിനെതിരെ കേസെടുത്തു. മാസങ്ങൾക്ക് മുമ്പ് മരത്തിൽ നിന്നു വീണാണ് ഗൃഹനാഥന്റെ ശരീരം തളർന്നത്. ഭാര്യ വർഷങ്ങളായി കിടപ്പുരോഗിയാണ്. വീൽചെയറിലാണ് ഇവരുടെ യാത്ര. നാട്ടുകാരുടെയും അയൽവാസികളുടെയും സഹായത്താലാണ് ഇരുവരുടെയും ചികിത്സയും കുടുബത്തിന്റെ നിത്യവൃത്തിയും കഴിഞ്ഞുപോകുന്നതത്. നിസാരകാര്യത്തിന് പോലും വീട്ടിൽ വഴക്കിടുന്ന മകൻ പിതാവിനെ ഇതിനു മുമ്പും മർദ്ദിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ സഹോദരിയുടെ തലയിൽ മണ്ണെണ്ണ ഒഴിച്ച സംഭവവും ഉണ്ടായതായി അയൽവാസികൾ പറഞ്ഞു. ഭർത്താവിനെ മകൻ ക്രൂരമായി മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്യുന്നത് അടുത്ത മുറിയിലെ കട്ടിലൽ കിടന്ന് ഭാര്യ കാണുന്നുണ്ടായിരുന്നു. ഇവർ കരഞ്ഞപേക്ഷിച്ചിട്ടും മർദ്ദനം തുടരുകയായിരുന്നു. യുവാവ് ലഹരിക്ക് അടിമയാണെന്ന സംശയവുമുണ്ട്. ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി.