ബിഹാർ: അന്യസംസ്ഥാനത്ത് നിന്നും വന്ന വ്യക്തിയെക്കുറിച്ച് ആരോഗ്യ വകുപ്പിന് വിവരം നൽകിയയാളെ അടിച്ചു കൊന്നു. ബിഹാറിലെ സീതാമർഹി ജില്ലയിലാണ് സംഭവം. മാധൗൽ ഗ്രാമവാസിയായ ബബ്ളൂവെന്നയാളാണ് കൊല്ലപ്പെട്ടത്. കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിയാൽ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് മഹാരാഷ്ട്രയിൽ നിന്നും മടങ്ങിയെത്തിയ തൊഴിലാളികളെപ്പറ്റി ബബ്ളൂ ആരോഗ്യവകുപ്പിനെ അറിയിച്ചു.
സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് കുടിയേറ്റതൊഴിലാളികളുടെ സാമ്പിൾ ശേഖരിച്ചു.
ആരോഗ്യ വകുപ്പ് ജീവനക്കാർ മടങ്ങിയതിന് പിന്നാലെ സാമ്പിൾ കൊടുത്ത തൊഴിലാളികൾ സംഘമായി ബബ്ലുവിന്റെ വീട്ടിലെത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ്, സംഘത്തിലെ ഏഴ് പേരെയും അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല നടന്നതോടെ കുടിയേറ്റ തൊഴിലാളികളുടെ വിവരം നൽകാൻ നാട്ടുകാർ ഭയക്കുകയാണ്. ഇതുമൂലം കൊറോണക്കാരുടെ യഥാർത്ഥ ചിത്രം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ് വിഷമിക്കുകയാണ്.