തിരുവനന്തപുരം:മദ്യം കിട്ടാതെ സ്ഥിരം മദ്യപന്മാർ ആത്മഹത്യ ചെയ്യുന്നത് തടയാൻ സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം, ഇന്നലെ സംസ്ഥാനത്ത് ഡോക്ടർമാരുടെ കുറിപ്പടിയുമായി എക്സൈസ് ഒാഫീസുകളിലെത്തിയവർ നേരിട്ടത് 'കൊലച്ചതി'..ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ വ്യക്തതയില്ലാതിരുന്നതിനാൽ ഇന്നലെ ആർക്കും മദ്യം നൽകിയില്ല.പലരുടെയും കുറിപ്പടികൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മടക്കി. അല്ലാത്തവ വാങ്ങിവച്ചു. വലിയ ആവേശത്തോടെ വന്നവർ മടങ്ങിയത് നിരാശയോടെ.
സർക്കാർ നടപടികൾ വ്യക്തമാക്കിയാൽ ഇന്ന് മുതൽ മദ്യം നൽകാനാണ് തീരുമാനം.ഇന്നലെ നെയ്യാറ്റിൻകര, കോട്ടയം എന്നിവിടങ്ങളിൽ നാല് വീതവും എറണാകുളത്ത് എട്ടും പാലക്കാട് രണ്ടുംഅപേക്ഷളാണ് എക്‌സൈസിന് ലഭിച്ചത്. എന്നാൽ, പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടെന്ന ഡോക്ടറുടെ സീലോടു കൂടിയ സർട്ടിഫിക്കിറ്റാണ് വേണ്ടതെന്ന് പറഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥർ ഇവരെ തിരിച്ചയയ്ക്കുയായിരുന്നു.പലരും ആശുപത്രികളിലെ ഒാ.പി. ടിക്കറ്റുമായാണെത്തിയത്. വിരമിച്ച ഡോക്ടർമാരുടെ കുറിപ്പടിയുമായെത്തിയവരുമുണ്ട്.
കുറിപ്പടിയിൽ മദ്യത്തിന്റെ
പേരോ,അളവോ കുറിക്കില്ല
മദ്യം കിട്ടാതായതോടെ,വിത്‌ഡ്രോവൽ സിൻഡ്രം (പിൻവാങ്ങൽ ലക്ഷണങ്ങൾ) ഉള്ളവർക്ക് മദ്യം നൽകാനാണ് സർക്കാർ ഉത്തരവ്.ഇതനുസരിച്ച് രോഗിക്ക് പിൻവാങ്ങൽ ലക്ഷണമുണ്ടെന്ന സർട്ടിഫിക്കറ്റോ കുറിപ്പോ മാത്രം ഡോക്ടർ നൽകും. നൽകേണ്ട മദ്യത്തിന്റെ പേരോ, അളവോ കുറിക്കില്ല. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ പേരും ഒപ്പും ഉണ്ടാവണം.
ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറക്കരുതെന്ന് ഉത്തരവിലുള്ളതിനാൽ പാസുമായെത്തുന്നവർക്ക് വെയർഹൗസ് ഗോഡൗണുകളിൽ നിന്നാവും മദ്യം നൽകുക. സർട്ടിഫിക്കറ്റുമായി എക്‌സൈസ് റെയ്ഞ്ച്/ സർക്കിൾ ഓഫീസിലെത്തുന്നവർ (നേരിട്ടോ/ചുമതലപ്പെടുത്തുന്നവരോ) നിശ്ചിതഫോമിൽ വിവരങ്ങളും തിരിച്ചറിയൽ രേഖയും നൽകി പാസ് നേടണം. തുടർന്ന് ഇക്കാര്യം ബന്ധപ്പെട്ട വെയർഹൗസ് ഡിപ്പോയിൽ എക്സൈസ് അറിയിക്കും. പാസിനുള്ള അപേക്ഷയിൽ വ്യക്തി നൽകുന്ന മൊബൈൽ നമ്പറിൽ വിളിച്ചായിരിക്കും മദ്യം നൽകുന്ന സമയവും സ്ഥലവും അറിയിക്കുക. തുടർന്ന് പാസുമായെത്തി മദ്യം വില കൊടുത്തുവാങ്ങാം. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മാത്രമെ മദ്യം ലഭിക്കൂ.ഇതാണ് നിലവിലെ നടപടി ക്രമം.എന്നിരുന്നാലും കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്നാണ് എക്സൈസിലേയും ബെവ്കോയിലേയും ഉയർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. അതിനായി സർക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.
ഒരാൾക്ക് മൂന്ന് ലിറ്റർ മാത്രം
ഒരാൾക്ക് ഏഴ് ദിവസത്തേക്ക് മൂന്ന് ലിറ്റർ മദ്യമാണ് അനുവദിക്കുക. ഒരാഴ്ചയ്ക്ക് ശേഷം അതേവ്യക്തി വീണ്ടും സമീപിച്ചാൽ പഴയ പാസിൽ തന്നെ അനുവാദം രേഖപ്പെടുത്തും.
സർട്ടിഫിക്കറ്റ്
ഇ.എസ്.ഐ. അടക്കമുളള പി.എച്ച്.സി/ എഫ്.എച്ച്.സി, ബ്ലോക്ക് പി.എച്ച്.സി/ സി.എച്ച്.സി, താലൂക്ക്/ ജില്ല/ ജനറൽ/ സ്‌പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നൽകും.
ഇന്ന് കരിദിനമാചരിക്കും:
കെ.ജി.എം.ഒ.എ
മദ്യ കുറിപ്പടി വിഷയത്തിൽ പ്രതിഷേധസൂചകമായി കറുത്ത ബാഡ്‌ജ് ധരിച്ച് ഡോക്ടർമാർ ഇന്ന് കരിദിനം ആചരിക്കുമെന്ന് കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ.ജോസഫ് ചാക്കോ, ജനറൽ സെക്രട്ടറി ഡോ.ജി.എസ്.വിജയകൃഷ്‌ണൻ എന്നിവർ അറിയിച്ചു.
'പാസുമായി വരുന്നവർക്ക് മദ്യം നൽകും' -
- സ്‌പർജൻ കുമാർ,
ബെവ്കോ എം.ഡി