തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നാളെ മുതൽ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയവയെ പ്രതിരോധിക്കണം. ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവർ പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ വെയിലേൽക്കരുത്.
അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്. ധാരാളമായി വെള്ളം കുടിക്കുക. വീട്ടിലും മുറികളിലും വായുസഞ്ചാരം ഉറപ്പാക്കണം. നിർജ്ജലീകരണം വർദ്ധിപ്പിക്കാൻ ശേഷിയുള്ള മദ്യം, ചായ, കാപ്പി പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളർ, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യതയുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണവും പഴങ്ങളും കഴിക്കണം.