plane

ലണ്ടൻ: അതിർത്തികൾ അടച്ചു. യാത്രകൾ വിലക്കി. കോടിക്കണക്കിന് ജനങ്ങൾ ലോക്ക്ഡൗണിലാണ്. മഹാമാരി കൊണ്ടുവന്ന അപ്രതീക്ഷിത ഞെട്ടലിലാണ് എയർലൈൻ കമ്പനികൾ. തങ്ങൾക്ക് മുന്നിൽ ഇനി വലിയ വെല്ലുവിളികളാണ് കൊറോണ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ദ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പറയുന്നു. 20 ലക്ഷത്തിലേറെ ഫ്ലൈറ്റുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. 2020ൽ 252 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് വ്യോമഗതാഗത മേഖലയെ കാത്തിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. യു.എസ് സർക്കാരിൽ നിന്നും 12 ബില്യൺ ഡോളറിന്റെ സഹായം തേടുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു.

ജർമനിയിലെ ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 90.7 ശതമാനമായി താഴ്ന്നു. ബ്രിട്ടീഷ് എയർവെ‌യ്‌സ് ലണ്ടനിലെ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നുള്ള എല്ലാ സർവീസുകളും നിറുത്തി വച്ചിരിക്കുകയാണ്. ഹീത്രോ വിമാനത്താവളത്തിൽ നിന്നുള്ള വിമാനസർവീസുകളുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചു. യു.കെയിലെ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്ന കമ്പനികൾ തകർച്ചയുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടീഷ് കമ്പനിയായ ഈസി ജെറ്റും തങ്ങളുടെ എല്ലാ സർവീസുകളും നിറുത്തിവച്ചിരിക്കുകയാണ്.