കാട്ടാക്കട: കൊറോണ പശ്ചാത്തലത്തിൽ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ തടവുകാർക്ക് കൂട്ട പരോൾ. ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമുണ്ടായിരുന്ന കൃഷിയും കന്നുകാലി പരിചരണവും താളം തെറ്റി. തടവുകാരെ നിയന്ത്രിച്ചിരുന്ന ജയിൽ ഉദ്യോഗസ്ഥർ കാലിത്തൊഴുത്തിലും പറമ്പിലും പണിയെടുക്കുകയാണ് ഇപ്പോൾ. തുറന്ന ജയിലിൽ 494 ഏക്കറിലാണ് കൃഷി നടത്തുന്നത്. റബർ, കോഴി, പശു, എരുമ, മുയൽ വളർത്തൽ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് തുറന്ന ജയിലിലെ സമ്മിശ്ര കൃഷി. 50പശു,15പോത്ത്, 200ലേറെ ആടുകൾ, 5000കോഴി, ഇവകൂടാതെ പയർ, വെണ്ട, പായൽ, ഇഞ്ചി, ചീര, പടവലം എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷി. ഇവയെല്ലാം 396 തടവുകാരാണ് പരിപാലിച്ചു പോന്നിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ 385 പേരും പരോളിൽ പോയി. തുറന്ന ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കൂട്ട പരോൾ അനുവദിക്കുന്നത്. തടവുകാർ കൂട്ടത്തോടെ പോയതോടെ കൃഷിക്കും കാലി വളർത്തലിനും ആളില്ലാതായി. ഇതേതുടർന്നാണ് 70തോളം വരുന്ന ജയിൽ ജീവനക്കാർ നനയും വിളവെടുക്കലും കന്നുകാലി പരിചരണവുമായി ഇറങ്ങിയത്. തടവുകാർ പോയതോടെ പറമ്പിലിറങ്ങിയ ഉദ്യോഗസ്ഥരുടെ നടുവൊടിയുകയാണിപ്പോൾ. ഒരു വിഭാഗം ഉദ്യോഗസ്ഥർ പച്ചക്കറികൾക്ക് നനയും സംരക്ഷവും ഒരുക്കുമ്പോൾ മറ്റൊരു വിഭാഗം വിളവെടുപ്പിലാണ് ശ്രദ്ധിക്കുന്നത്. തുറന്ന ജയിലിലെ കൃഷിയും കന്നുകാലി പരിചരണവും നടത്തി ഇവിടത്തെ ഉദ്യോഗസ്ഥർക്ക് വിശ്രമില്ലാതായതോടെ സെൻട്രൽ ജയിലിൽ നിന്ന് നല്ല നടപ്പുകാരായ 25പേരെ കൂടി ഇവിടെ എത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ.