കെയ്റോ: ലോകത്ത് കൊറോണയ്ക്കെതിരെ പോരാടുന്ന എല്ലാവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഈജിപ്റ്റ് സർക്കാർ. കൊറോണ നേരിടുന്നവരോടുള്ള പിന്തുണയറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ ഗ്രേറ്റ് പിരമിഡ് ഒഫ് ഗിസയിൽ തിങ്കളാഴ്ച രാത്രി തെളിഞ്ഞു. അറബിയിലും ഇംഗ്ലീഷിലുമുള്ള സന്ദേശങ്ങളാണ് പിരമിഡിൽ പ്രദർശിപ്പിച്ചത്.
100 ദശലക്ഷം ജനങ്ങളുള്ള ഈജിപ്റ്റിൽ ഇതേ വരെ 656 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 41 പേർ മരിച്ചു. രോഗവ്യാപനം തടയാനായി രാജ്യത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളും ആരാധനാലയങ്ങളും സർക്കാർ അടച്ചു. സ്കൂളുകളും യൂണിവേഴ്സിറ്റികളും അടഞ്ഞു കിടക്കുകയാണ്. രാജ്യത്തെ പ്രധാന പുരാവസ്തു ഗവേഷണ കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, സ്മാരകങ്ങൾ തുടങ്ങിയയിടങ്ങൾ അണുവിമുക്തമാക്കി. കൊറോണ നിയന്ത്രണങ്ങൾ ഈജിപ്റ്റിന്റെ പ്രധാന വരുമാന സ്രോതസായ ടൂറിസം മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്.