വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിൽ നാളെ ജനത കർഫ്യൂ. സമീപ പഞ്ചായത്തായ പോത്തൻകോട്ട് കൊറോണ ബാധിച്ച് ഒരാൾ മരിച്ചതിനെ തുടർന്നാണ് കർശന നടപടികളിലേക്ക് പോകാൻ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന സർവകക്ഷി യോഗത്തിൽ തീരുമാനം എടുത്തത്. പാൽ തുടങ്ങി അവശ്യസർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. രാവിലെ 8 വരെ മാത്രമേ പാൽ വിതരണം നടത്താവൂ. കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ തുടർന്നുള്ള ദിവസങ്ങളിൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ മാത്രമേ തുറക്കാവൂ എന്നും തീരുമാനമെടുത്തു. അത്യാവശ്യ ഘട്ടങ്ങളിൽ സന്നദ്ധ പ്രവർത്തകരെക്കൊണ്ട് അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്. കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി, പൊലിസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ നേതാക്കൾ, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.