തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ സമ്പൂർണ ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ചില വ്യാപാര സ്ഥാപനങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും അമിതവിലയും ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ 45 കടകൾക്കെതിരെ നടപടിക്ക് ശുപാർശ.


നിത്യോപയോഗ സാധനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്നും അമിത വില ഈടാക്കിയതിനാണ് നടപടി..
പല നിത്യോപയോഗ സാധനങ്ങൾക്കും 5 മുതൽ 25 രൂപാ വരെ കിലോയ്ക്ക് വില കൂട്ടി
വാങ്ങുന്നതായി പരിശോധനയിൽ കണ്ടെത്തി. ചില വ്യാപാരികൾ വൻതോതിൽ നിത്യോപയോഗ
സാധനങ്ങൾ വാങ്ങി സംഭരിക്കുന്നതായും, ചില്ലറ വ്യാപാരികൾ ഉപഭോക്താക്കൾക്ക് ബിൽ നൽകാതെ വെള്ള
പേപ്പറിൽ തുക എഴുതി നൽകുന്നതും പരിശോധനയിൽ വെളിപ്പെട്ടു. കൂടാതെ പരിശോധനയിൽ ഒട്ടു മിക്ക
വ്യാപാര സ്ഥാപനങ്ങളിലും വില വിവരപ്പട്ടിക പ്രദർശിപ്പിചിട്ടില്ലെന്നും പ്രദർശിപ്പിച്ച സ്ഥാപനങ്ങളിൽ അതിലധികം വില ഈടാക്കുന്നതായും കണ്ടെത്തി.

ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം ജില്ലയിലെ 31ഉം കൊല്ലം ജില്ലയിലെ 3 ഉം പത്തനംതിട്ട,കോട്ടയം
ആലപ്പുഴ,ഇടുക്കി ജില്ലകളിലെ രണ്ടും കോഴിക്കോട് ,വയനാട് ,കണ്ണൂർ എന്നിവിടങ്ങളിലെ ഓരോ വ്യാപാര സ്ഥാപനങ്ങൾക്കുമെതിരെയും നടപടിസ്വീകരിക്കുന്നതിന് അതാതു സിവിൽ സപ്ളൈസ് ഓഫീസർമാർക്ക്
റിപ്പോർട്ട് നൽകി.


ലോക്ക് ഡൗൺകാലത്ത് അമിത വില ഈടാക്കി ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള മൊത്ത കച്ചവടക്കാരുടെയും ചില്ലറ വ്യാപാരികളുടെയും നടപടികൾ അവസാനിപ്പിക്കുന്നതിന് വരും ദിവസങ്ങളിലും വിജിലൻസ് പരിശോധനകൾ തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു. .
വിജിലൻസ് ഇൻസ്പെക്ടർ ജനറൽ. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയ്ക്ക് , വിജിലൻസ് ഇന്റലിജൻസ് പൊലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന. ഇ.എസ്. ബിജുമോനും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിജിലൻസ് യൂണിറ്റ്മേധാവികളും പങ്കെടുത്തു.