മുടപുരം: കൊറോണ വ്യാപനം തടയാൻ രാജ്യത്താകെ ലോക്ക് ഡൗൺ നടപ്പാക്കിയപ്പോൾ പൂട്ട് വീണത് മലയാളിയുടെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് കൂടിയായിരുന്നു. ശരീരത്തിന് ഹാനികരമാണെന്നറിഞ്ഞിട്ടും രക്ഷിതാക്കൾ ഉപദേശിച്ചിട്ടും പുതുതലമുറ ഉപേക്ഷിക്കാത്ത തെറ്റായ ഭക്ഷണ ശീലത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
നാട്ടിൻപുറങ്ങളിലെ ചെറിയകടകളിൽ പോലും സ്ഥാനം പിടിച്ചിരുന്ന പഫ്സ്, സമോസ, മീറ്റ് റോൾ എന്നിവയും ബേക്കറികളിൽ അതിവേഗം വിറ്റഴിച്ചിരുന്ന ബർഗർ, പിസ, സാൻഡ് വിച്ച് തുടങ്ങിയവയും ലഘുഭക്ഷണമായി ഉപയോഗിച്ചിരുന്നവർ ഇപ്പോൾ പൂർണമായും നാടൻ ഭക്ഷണത്തിലേക്ക് മാറിയിരിക്കുകയാണ്. പുതുതലമുറക്ക് പേരുപോലുമറിയാത്ത വോട്ടട, കുമ്പിൾ അപ്പം, കിണ്ണത്തപ്പം തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് ഇപ്പോൾ വൈകുന്നേരത്തെ ചായയ്ക്കൊപ്പം കുടുംബാംഗങ്ങളുടെ മുന്നിലെത്തുന്നത്. ഒരുകാലത്ത് കേരളത്തിൽ ഏറെ പ്രസിദ്ധമായിരുന്ന കുമ്പിൾ അപ്പം അല്ലെങ്കിൽ വയണയിലയപ്പം ഈ രോഗകാലത്ത് പലർക്കും ഇഷ്ട പലഹാരമായി കഴിഞ്ഞു. വയണയിലയുടെ മണവും ഗുണവും മനസിലാക്കിയ മുതിർന്നവർ ഇപ്പോൾ കുട്ടികൾക്ക് അത് ഉണ്ടാക്കി നൽകുകയാണ്.
മാറുന്ന ഭക്ഷണശീലം
വീട്ടിൽ വിശ്രമിക്കുന്ന സാഹചര്യത്തിൽ മലയാളികളുടെ ഭക്ഷണശീലം പാടെ മാറുകയാണ്. തന്തൂരി, ഷവായ്, അൽഫാം, കപ്സ, കബാബ്, ചില്ലി തുടങ്ങിയവ ചിക്കൻ വിഭവങ്ങളും ബീഫ്, മട്ടൺ വിഭവങ്ങളും തത്കാലം മിക്കവരും ഒഴിവാക്കിയിരിക്കുകയാണ്. ഉച്ചയ്ക്കും രാത്രിയും ചോറിനൊപ്പം ചക്ക പ്രധാന ഭക്ഷണ വസ്തുവായി മാറിക്കഴിഞ്ഞു. ചക്കയും അതിനുള്ളിലെ പൂഞ്ച് എന്ന ഭാഗവും ഉൾപ്പെടെ തോരനായും അവിയലായും ഊൺമേശയിലേക്കെത്തുകയാണിപ്പോൾ. വാഴക്കൂമ്പ്, വാഴത്തട മധുര ചീര, ചേമ്പിൻ തണ്ട് തുടങ്ങിയവയും ഉച്ചയൂണിന് കൂട്ടായിട്ടുണ്ട്. കടകൾ അടഞ്ഞു കിടക്കുന്നതിനാൽ മരച്ചീനി പലയിടത്തും ലഭിക്കുന്നില്ല. ഈ കുറവ് ഇപ്പോൾ പരിഹരിക്കുന്നത് ചക്കയാണ്. പഴയ കാലത്തെ പതിവ് കാഴ്ചയായ ചക്ക മുറിച്ച് പങ്കിടൽ ഇപ്പോൾ വീടുകളിലെ പതിവ് കാഴ്ചയായിരിക്കുന്നു. കൊറോണക്കാലം ജനങ്ങളുടെ ഭക്ഷണശീലത്തിൽ ആരോഗ്യകരമായ മാറ്റം ഉണ്ടാക്കിയത് നല്ല കാര്യമാണെന്നും ഈ രീതി തുടർന്നാൽ ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
കുട്ടികൾ അടക്കമുള്ളവർക്ക് ആദ്യം ഇത്തരം നാടൻ ഭക്ഷണങ്ങളോട് താത്പര്യമില്ലായിരുന്നെങ്കിലും അവയുടെ രുചി തിരിച്ചറിഞ്ഞതോടെ പലർക്കും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.