driving-licence

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്നസ് എന്നിവ പുതുക്കാനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഫെബ്രുവരി ഒന്നിനുശേഷം കാലാവധി അവസാനിച്ച എല്ലാ ഡ്രൈവിംഗ് ലൈസൻസുകളുടെയും വാഹനങ്ങളുടെയും കാലാവധി ജൂൺ 30 വരെ നീട്ടാൻ കേന്ദ്ര ഗതാഗത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.

ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂൺ 30നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നെസ്, പെർമിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകൾക്കും ജൂൺ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് രേഖ പുതുക്കാനും ഇത് ബാധകമാകും.

ലോക്ക് ഡൗണിലും ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണം. ഭക്ഷണം ഉൾപ്പെടെയുള്ള സാധനങ്ങളുമായി സർവീസ് നടത്തുന്ന ലോറികളുടെയും മറ്റ് ചരക്ക് വാഹനങ്ങളുടെയും സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇത് എല്ലാം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബാധകമാണ്.

അതേസമയം വാഹന ഇൻഷ്വറൻസ് പുതുക്കുന്നതിന് ഇളവുകൾ ഇല്ല എന്നാണ് റിപ്പോർട്ടുകൾ. ഇൻഷ്വറൻസ് കാലാവധി തീർന്നവർ ഓൺലൈനിലൂടെ ഇത് പുതുക്കണം. ഏജന്റുമാർ, ഡീലർമാർ എന്നിവരെ വിളിച്ചും ഇതു ചെയ്യാം.