corona

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ മരണത്തോടെ, സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായി. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിന്റെ മരണം ആരോഗ്യവകുപ്പിനെയും കൂടുതൽ ആശങ്കയിലാക്കി.

ഇദ്ദേഹത്തെ വൈറസ് എങ്ങനെ ബാധിച്ചു, ആരെല്ലാമായി അടുത്ത് ഇടപഴകി തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുന്നു. ഈ സാഹചര്യം സമൂഹവ്യാപനത്തിനുള്ള വഴിതുറക്കലാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച എറണാകുളത്ത് റിപ്പോർട്ട് ചെയ്ത ആദ്യ കൊറോണ മരണവുമായി ഇതിനും സമാനതകളുണ്ട്. ഇരുവരും പ്രായക്കൂടുതലും, പല അസുഖങ്ങളും ഉള്ളവരുമായിരുന്നു. വൈറസ് ബാധിച്ചതോടെ ഈ അസുഖങ്ങൾ മൂർച്ഛിച്ചതാണ് മരണകാരണം.

വിദേശത്ത് നിന്നെത്തിയതിനാൽ, എറണാകുളത്ത് മരിച്ച യാക്കൂബ് സേട്ടിന് വൈറസ് എങ്ങനെ ബാധിച്ചുവെന്നതിൽ വ്യക്തയുണ്ടായിരുന്നു. ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ കണ്ടെത്താനും കഴിഞ്ഞു. എന്നാൽ, തിരുവനന്തപുരത്തെ സ്ഥിതി വ്യത്യസ്തമാണ്. അബോധാവസ്ഥയിലായിരിക്കെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ, വിവര ശേഖരണവും ദുഷ്‌കരമായി. ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂട്ട് മാപ്പ് തയ്യാറാക്കിയെങ്കിലും പൂർണമല്ല. വിവാഹത്തിലും മരണാന്തര ചടങ്ങുകളിലും പങ്കെടുത്തതായും, കാസർകോട്ടും തമിഴ്‌നാട്ടിലും നിന്നുള്ളവരും ഈ ചടങ്ങുകളിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്. ഇവർ ആരെല്ലാമാണെന്ന് വ്യക്തമല്ല. ഇതോടെയാണ്, സമൂഹവ്യാപനമെന്ന ഭീഷണി ശക്തമാകുന്നത്. വിവര ശേഖരണം വിജയിക്കാതെ വന്നതോടെയാണ് പോത്തൻകോട് പഞ്ചായത്ത് മൂന്നാഴ്ച അടച്ചിടാൻ തീരുമാനിച്ചത്. മരിച്ചയാളുടെ ഭാര്യ കുടുംബശ്രീ പ്രവർത്തകയും മകൾ ബസ് കണ്ടക്ടറുമാണ്.

സാദ്ധ്യതകൾ

ഇങ്ങനെ:

.മരണമടഞ്ഞ അബ്ദുൾ അസീസ് വീട്ടിൽ നിന്ന് ദൂരസ്ഥലങ്ങളിലേക്ക് പോയിട്ടില്ലെന്ന് ബന്ധുക്കൾ ഉറപ്പിക്കുന്നു. അങ്ങനെയെങ്കിൽ വൈറസ് വാഹകനായ ഒരാളുമായി അസീസ് അടുത്ത് ഇടപഴകിയത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.

വിദേശത്ത് നിന്നെത്തിയിട്ടും നിരീക്ഷണ പരിധിയിൽ വരാത്ത ആരെങ്കിലും പോത്തൻകോട് പ്രദേശത്തുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അല്ലെങ്കിൽ ഇത്തരത്തിലുള്ള ആരെങ്കിലും അസീസ് പങ്കെടുത്ത വിവാഹച്ചടങ്ങിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തതാവാം. രോഗപ്രതിരോധ ശേഷിയുള്ള വൈറസ് വാഹകന് രോഗലക്ഷണങ്ങൾ ഉണ്ടാവുകയോ രോഗം സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ടാവില്ല.