liqueur-

തിരുവനന്തപുരം: മദ്യം കിട്ടാത്തതിനാൽ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ഡോക്ടർമാരുടെ ശുപാർശപ്രകാരം എക്സൈസ് മുഖാന്തിരം ബിവറേജസിൽ നിന്നും മദ്യം ലഭിക്കുമെന്ന സർക്കാർ പ്രഖ്യാപനം വിശ്വസിച്ച് സംസ്ഥാനത്ത് പലയിടത്തും മദ്യപന്മാർ എക്സൈസ് ഓഫീസുകളിൽ ഒ.പി ടിക്കറ്റുമായി മദ്യം വാങ്ങാനെത്തി. തിരുവനന്തപുരം , എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് ചുരുക്കം ചിലർ ചില ഡോക്ട‌ർമാരുടെ കുറിപ്പുമായി മദ്യത്തിനെത്തിയത്. എന്നാൽ കുറിപ്പുമായി വന്നവർ മദ്യാസക്തിയിൽ ശാരീരിക അവശത നേരിടുന്നവരാണെന്നോ, ഡി അഡിക്ഷൻ ട്രീറ്റ്‌മെന്റിലുള്ളവരാണെന്നോ ഒ.പി ടിക്കറ്റുകളിൽ രേഖപ്പെടുത്താതിരുന്നതിനാലും ബന്ധപ്പെട്ട ആശുപത്രികളുടെയും ശുപാർശചെയ്ത ഡോക്ട‌ർമാരുടെയും ഔദ്യോഗിക സീലുകൾ പതിച്ചിട്ടില്ലാത്തതിനാലും ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് എക്സൈസ് ഇവരെ മടക്കി.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള സമ്പൂർണ ലോക്ക് ഡൗണിൽ ബാറുകളും ബിവറേജസ് ഔട്ട് ലറ്റുകളും അടച്ചുപൂട്ടിയതോടെ ഒരു തുളളി മദ്യത്തിനായി വിഷമിച്ച മദ്യപന്മാരാണ് സർക്കാർപ്രഖ്യാപനം ആശ്വാസമായി കരുതി മദ്യത്തിനായി ഡോക്ടർമാരെയും എക്സൈസിനെയും സമീപിച്ചത്. ഒ.പി ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാൻ സാധ്യതയുണ്ടെന്നും അതിനാൽ കൃത്യമായ നിർദ്ദേങ്ങൾക്കനുസരിച്ചേ മദ്യം നൽകാൻ കഴിയൂ എന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. എത്ര അളവിൽ, ഏത് സമയത്ത് മദ്യവിതരണം നടത്തണമെന്നതിലടലക്കം ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. അതിനാൽ കുറിപ്പടിയുമായി എത്തിയ മൂന്ന് പേരെ തിരുവനന്തപുരത്ത് അധികൃതർ തിരിച്ചയച്ചു.

വൈകിട്ടോടെ മദ്യം കൊടുക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള കരട് മാർഗ നിർദ്ദേശങ്ങൾ എക്സൈസ് കമ്മീഷണർ പുറത്തിറക്കി. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല ബെവ് കോയ്കാണെന്ന് മാർഗ നിർദേശത്തിൽ പറയുന്നു. ഒരു അപേക്ഷകന് ഒരാഴ്ചത്തേക്ക് മൂന്ന് ലിറ്റർ മദ്യമാകും നൽകുക.‌ ഡോക്ടറുടെ കുറിപ്പിടിയിൽ സീൽ ഉറപ്പായും വേണം. റിട്ട. ഡോക്ടർമാരുടെ കത്തുകൾ പരിഗണിക്കില്ലെന്നും നിർദേശത്തിലുണ്ട്.

എന്നാൽ സർക്കാർ നിർദ്ദേശത്തിനെതിരെ ഗവൺമെന്റ് ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. മദ്യ കുറിപ്പടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ സംസ്ഥാനതലത്തിൽ പ്രതിഷേധസൂചകമായി കരിദിനം ആചരിക്കുമെന്നും എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ആയിരിക്കും നാളെ ജോലിക്ക് ഹാജരാകുകയെന്നും കെജിഎംഒഎ വ്യക്തമാക്കി