suraj

തിരുവനന്തപുരം: എപ്പോഴും കൊറോണ കൊറോണാ എന്നു പറഞ്ഞ് ചിന്തിച്ചോണ്ടിരിക്കരുതേ! വീടു തുറന്നില്ലെങ്കിലും ഇടയ്ക്ക് മനസ് തുറന്നൊന്ന് ചിരിക്കണം. ഫോൺ വിളിച്ച് പറ്റിക്കേണ്ടവരെ മാക്സിമം പറ്റിക്കണം. നിർദോഷമായിരിക്കണമെന്നു മാത്രം. അല്ലെങ്കിൽ പൊലീസുവക ഭേഷാ കിട്ടും- സുരാജ് വെഞ്ഞാറമൂടിന്റേതാണ് വാക്കുകൾ.

ഏപ്രിൽ ഫൂളാക്കക്കലിനും ഒരു നിയമം ഉണ്ട്. ഉച്ചയ്ക്ക് 12 വരെ മാത്രമേ പറ്റിക്കാവൂ. സുരാജ് മൂന്നാം ക്ളാസിൽ പഠിച്ചിരുന്ന സമയത്ത് ഒരു കുരുപ്പും (കള്ളം)​ പൊക്കി പിടിച്ചുകൊണ്ടു ചെന്നപ്പോൾ സമയം 12.05 ആയി. എന്നിട്ടും 'നമ്മുടെ സ്കൂളിന് തീ പിടിച്ചേ' എന്നങ്ങ് തട്ടിവിട്ടു.

എല്ലാവരും സുരാജിനെ നോക്കിയപ്പോൾ ചേട്ടൻ സജി നോക്കിയത് വാച്ചിൽ. 'സമയം 12.05 ആയി, നീ പറഞ്ഞത് കള്ളമാണ്. നിന്നെ പൊലീസിലേൽപ്പിക്കണം.' സുരാജിനെ ചേട്ടൻ അള്ളിപ്പിടിച്ച് പൊക്കിയെടുത്തു. മറ്റുള്ളവർ സപ്പോട്ട് ചെയ്തു. സുരാജ് കരഞ്ഞുവിളിച്ചു. 'എന്റെ അണ്ണാ ഞാനിനി കള്ളം പറയില്ല അണ്ണാ..' അപ്പോൾ മഴ പെയ്തു. ചേട്ടന് ഇടിവെട്ട് പേടിയാണ്.

''എന്നെ തറയിലിട്ടിട്ട് ചേട്ടൻ ഓടി. അതിനു ശേഷം അമ്മച്ചിയാണെ ഞാൻ ഇന്നേവരെ കള്ളം പറ‌ഞ്ഞിട്ടേ ഇല്ല'' (കണ്ണിറുക്ക് സ്മൈൽ)​.

''മാർച്ച്,​ ഏപ്രിൽ ഉത്സവകാലമാണല്ലോ. മാർച്ച് 31ന് പാതിരാത്രി വരെ എന്റെ കൂടെ പ്രോഗ്രാമിന് വന്നിട്ട് എല്ലാവരും വീട്ടിൽ പോയി കിടന്നുറങ്ങും. ‍ഇവന്മാരെയൊക്കെ ഞാൻ രാവിലെ വിളിക്കും 'അളിയാ മറ്റേ ട്രൂപ്പ് ബുക്ക് ചെയ്തിരുന്നത് അമ്പലക്കാര് കാൻസൽ ചെയ്തു. നമ്മളെയാണ് വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു കോളേജ് പ്രോഗ്രാമും ഉണ്ട് നിങ്ങൾ പെട്ടെന്ന് വരണം.' പോയി കിടന്നവന്മാരൊക്കെ കെട്ടിപ്പെറുക്കി സംഭവസ്ഥലത്ത് വരും. പിന്നെ ചീത്തവിളി.

ഒരിക്കൽ ഉത്സവത്തിനു പോയിട്ടു വന്നപ്പോൾ ഒരു റബർ പാമ്പ് വാങ്ങി വച്ചിരുന്നു. അന്ന് നമ്മുടെ വീട്ടിൽ പാൽക്കച്ചവടം ഉണ്ടായിരുന്നു. പിള്ളേര് പാല് വാങ്ങാൻ വരും. വീട്ടുവളപ്പിലേക്ക് കടക്കുന്നിടത്ത് കുറച്ച് തടി അടുക്കിവച്ചിട്ടുണ്ട്. അവിടെ ഞാൻ ഈ റബർ പാമ്പിനെ കൊണ്ടുവച്ചു. പാൽ വാങ്ങിക്കാൻ പിള്ളേര് വന്നപ്പോൾ ടേയ് പാമ്പാണെന്നു തോന്നുന്നു എന്നു വിളിച്ചു പറഞ്ഞു.

ഇത് പച്ചില പാമ്പാണ്,​ അല്ല എട്ടടി വീരൻ. എന്നൊക്കെ വന്നർ പറയാൻ തുടങ്ങി. പാമ്പിനെ അടിച്ചുകൊല്ലാൻ തടിയും വടിയുമായൊക്കെ എത്തി. ഞാൻ പറഞ്ഞു- കമ്പും തടിയുമൊന്നും വേണ്ട,​ ഞാൻ പിടിച്ചങ്ങ് ഇട്ടു തരും നിങ്ങൾ എന്തു വേണോ ചെയ്തോ.
ഞാൻ അടുത്തുചെന്നു. ഒരുത്തൻ തടി പൊക്കി മാറ്റിയതും രണ്ട് കരിമൂർഖൻ എടുത്ത് ചീറ്റിയതും ഒരുമിച്ച്. ഞാൻ എടുത്തുചാടി ഓടി. പക്ഷേ, മാറി നിന്നവർ ഒറിജിനൽ പാമ്പിനെ കണ്ടില്ല,​ അവർ തറയിൽവീണ ‌ഡ്യൂപ്ലിക്കേറ്റിനെ അടിച്ച് പഞ്ചറാക്കി.''