തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ഒരു ജീവനെടുത്തു. തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട. എ.എസ്.ഐ പോത്തൻകോട് മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് (68) ഇന്നലെ പുലർച്ചെ മരിച്ചത്. സംസ്കാരം പോത്തൻകോട് കല്ലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ പ്രോട്ടോക്കോൾ പ്രകാരം നടന്നു. എങ്ങനെ രോഗബാധയുണ്ടായെന്നതിൽ വ്യക്തതയില്ല. വിദേശത്ത് നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി സുലൈമാൻ സേട്ടാണ് കൊറോണ ബാധിച്ച് സംസ്ഥാനത്ത് ആദ്യം മരിച്ചത്.
. ഈ മാസം 23ന് മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ച അബ്ദുൾ അസീസിന്റെ ആദ്യ കൊറോണ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസകോശവും വൃക്കയും സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ന്യൂമോണിയ കൂടി ബാധിച്ചതോടെ നില കൂടുതൽ വഷളായി. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൃക്കകളുടെ പ്രവർത്തനം പൂർണമായും തകരാറിലായതിനാൽ ഡയാലിസിസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഈ മാസം 18ന് രോഗലക്ഷണങ്ങളുമായി തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ അബ്ദുൽ അസീസിന് അന്ന് പ്രാഥമിക ചികിത്സ നൽകി തിരികെ വിട്ടു. പിന്നീട് മാർച്ച് 21ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി അതേ പ്രാഥമികാരോഗ്യകേന്ദ്രത്തിലും അവിടെ നിന്ന് ഗോകുലം മെഡിക്കൽ കോളേജിലുമെത്തി. അവിടത്തെ ഡോക്ടർമാരാണ് "ദിശ"യിൽ ബന്ധപ്പെട്ട് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. മാർച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് പുറത്തു വിട്ടെണ്ടെങ്കിലും അപൂർണമാണ്.
മാർച്ച് രണ്ടിന് ഒരു വിവാഹച്ചടങ്ങിലും, പിന്നീട് നാല് മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. മാർച്ച് 20 വരെ പള്ളിയിൽ പോയി. നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇടപെട്ടതായി കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് പെൺക്കളുമുണ്ട്. ഇവരുടെയും, അസീസിനൊപ്പം വീട്ടിൽ താമസിച്ചുപോന്ന രണ്ട് ചെറുമക്കളുടെയും ആദ്യ കൊറോണ പരിശോധനാഫലം നെഗറ്റീവാണ്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അസീസിന്റെ മരണത്തെ തുടർന്ന് പോത്തൻകോട്ടും സമീപത്തെ മൂന്ന് പഞ്ചായത്തുകളിലും മൂന്നാഴ്ചത്തേക്ക് സമ്പൂർണ നിരീക്ഷണം പ്രഖ്യാപിച്ചു.