ആറ്റിങ്ങൽ:ദുരന്തകാലത്ത് മാമത്ത് പാർക്ക് ചെയ്യുന്ന ലോറി തൊഴിലാളികൾക്ക് കുടിവെള്ളം നിഷേധിച്ചത് വിവാദമാകുന്നു.മാമത്തെ ഫെഡറൽ ബാങ്കിന്റെ മുന്നിലെ പൈപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ആറ്റിങ്ങൽ ബിവറേജസിലേക്കു വന്ന ലോറിതൊഴിലാളികൾ കുടിവെള്ളം എടുത്തിരുന്നത്.തിങ്കളാഴ്ച ഇത് പൂട്ടി കുടിവെള്ളം ബാങ്ക് മാനേജർ നിഷേധിച്ചതാണ് പ്രശ്നമായത്.ഇതേക്കുറിച്ച് അന്വേഷിക്കാൻ ചെന്ന നഗരസഭാ ചെയർമാൻ എം.പ്രദീപിനോട് മാനേജർ തട്ടിക്കയറിയതോടെ പ്രശ്നം വഷളായി.പ്രശ്നം പരിഹരിക്കാൻ ഇവർക്ക് തൊട്ടടുത്ത പൂജ കൺവെൻഷൻ സെന്ററിൽ നിന്ന് വെള്ളം ലഭ്യമാക്കാനുള്ള സൗകര്യം ചെയർമാൻ ഒരുക്കിക്കൊടുത്തു.ഇവിടെ അകപ്പെട്ടുപോയ അന്യ സംസ്ഥാന ലോറി തൊഴിലാളികൾ 70 പേരുണ്ട്.ഇവർക്ക് ഭക്ഷണം നൽകുന്നത് ആറ്റിങ്ങൽ നഗരസഭയാണ്.പ്രാഥമിക സൗകര്യങ്ങൾക്കായി തൊട്ടടുത്ത പമ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.കുടിവെള്ളത്തിനു മാത്രമായിരുന്നു ഈ പൈപ്പ് ഉപയോഗിച്ചിരുന്നത്.അതാണ് ബാങ്ക് അധികൃതർ പൂട്ടിയത്.ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ തെറ്റിനെ സംബന്ധിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെയർമാൻ തഹസിൽദാർക്ക് പരാതി നൽകി.