തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപത പെസഹ,​ ദുഃഖവെള്ളി,​ ഈസ്റ്റർ ചടങ്ങുകൾ ലളിതമായി നടത്തുന്നതിനായി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നിയമവ്യവസ്ഥയും സർക്കാരും നിർദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങളോട് വിശ്വാസികൾ സഹകരിക്കണം. തിരുകർമങ്ങൾക്ക് കാർമ്മികൻ, ശുശ്രൂഷകർ ഉൾപ്പടെ അഞ്ച് പേരിൽ കൂടുതലാളുകൾ പങ്കെടുക്കരുത്. അടച്ചിട്ട ദേവാലയത്തിലാണ് ചടങ്ങുകൾ നടക്കേണ്ടത്.

മറ്റ് നിർദേശങ്ങൾ:

1. വിശുദ്ധവാരത്തിലെ തിങ്കളാഴ്ച നടക്കുന്ന തൈലപരികർമ പൂജ ഉണ്ടായിരിക്കില്ല. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിയതിന് ശേഷം പിന്നീട് ഈ കർമം നടത്തും.

2. ഓശാന ഞായറാഴ്ച കുരുത്തോല വിതരണം ഉണ്ടായിരിക്കില്ല. ദിവ്യപൂജ മാത്രമേ ഉണ്ടായിരിക്കൂ.

3. പെസഹാ വ്യാഴാഴ്ചയിലെ കാലുകഴുകൽ ശുശ്രൂഷ ഒഴിവാക്കണം. ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കില്ല.

4. ദുഃഖവെള്ളിയാഴ്ചയിലെ ചടങ്ങുകൾ വൈകിട്ട് 3ന് ആരംഭിക്കണം. കർമങ്ങളിൽ കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രാർത്ഥന ഉൾപ്പെടുത്തണം.

5. ശനിയാഴ്ചയിലെ കർമങ്ങൾ അൾത്താരയിൽ നിന്ന് തന്നെ ചെയ്യണം. ജനങ്ങൾക്ക് നഷകാനായി വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല.

6. ഉയിർപ്പ് ഞായർ ദിവ്യബലി പതിവുപോലെ.