തിരുവനന്തപുരം: പൊലീസിന്റെ അന്നദാന പദ്ധതിയിലും നാട്ടിലെ കമ്മ്യൂണിറ്രി കിച്ചണിലും സജീവ സഹകരണവുമായി കരിക്കകം ചാമുണ്ഡി ക്ഷേത്രവും.ആരോരുമില്ലാത്തവർക്ക് പൊതിച്ചോറ് എത്തിക്കുന്ന പൊലീസിന്റെ പദ്ധതിക്കായി അരിയും അതിനു വേണ്ട ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നവരിൽ ക്ഷേത്രം ഭാരവാഹികളുമുണ്ട്. പൊലീസ് ആവശ്യപ്പെടുന്ന സാധനം ഇവർ എത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിനു പുറമെ കരിക്കകം പ്രദേശത്ത് രണ്ടു കമ്മ്യൂണിറ്റി കിച്ചണുകളിലും ആവശ്യത്തിന് അരിയും സാധനങ്ങളും എത്തിച്ചു. കൊറോണ ബാധയും ലോക്ക് ഡൗണുമൊന്നും ഉണ്ടായില്ലെങ്കിൽ കരിക്കകം ക്ഷേത്രത്തിൽ ഇപ്പോൾ ഉത്സവ സമയമാണ്. ഉത്സവനാളുകളിൽ ആയിരങ്ങളാണ് ക്ഷേത്രത്തിലെ അന്നദാനസദ്യയിൽ പങ്കെടുക്കാനെത്തുക. അതിനു വേണ്ടി ചെലവാകുന്ന പണത്തിൽ നിന്നാണ് ഇപ്പോൾ സാധനങ്ങൾ വാങ്ങി എത്തിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നേരത്തെ 650 വീതം സാനിട്ടൈസറും മാസ്‌കും ക്ഷേത്രം ട്രസ്റ്റ് വിതരണം ചെയ്‌തിരുന്നു.