തിരുവനന്തപുരം: കൊറോണബാധിച്ച് മരിച്ച പോത്തൻകോട് വാവറമ്പലം സ്വദേശി അബ്ദുൽ അസീസിന്റെ (68) സംസ്കാര ചടങ്ങിൽ പങ്കെടുത്തത് ഏഴുപേർ മാത്രം. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മാറ്റിനിറുത്തിയ ചടങ്ങിൽ ഭാര്യയും മക്കളും പങ്കെടുക്കാനാകാതെ മാറിനിന്നു. ആരോഗ്യവകുപ്പിലെ അഞ്ച് വോളന്റിയർമാർ, കല്ലിയൂർ മുസ്ളിം ജമാ അത്തിലെ ഉസ്താദ്, ഒരു പള്ളി കമ്മിറ്റി പ്രതിനിധി എന്നിവരാണ് പങ്കെടുത്തത്. ഇവരെല്ലാം ചടങ്ങിന് ശേഷം നിരീക്ഷണത്തിലേക്ക് മാറി. കല്ലിയൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ പത്തടിതാഴ്ചയിൽ
പ്രത്യകം തയ്യാറാക്കിയ കുഴിയിലാണ് സംസ്കാരം നടത്തിയത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. എന്നിരുന്നാലും കൊറോണ ബാധ വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഇന്നലെ പുലർച്ചെയോടെയാണ് മരണം ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. കബറും മറ്റ് പ്രാർത്ഥനാചടങ്ങുകളും പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മോർച്ചറിയിൽ നിന്ന് കബർസ്ഥാനിലേക്ക് മൃതദേഹം പ്രത്യേകമായി തയ്യാറാക്കിയ രീതിയിൽ എത്തിച്ചത്. ഏതാനും മിനിട്ടുകൾക്കുള്ളിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി.അടുത്തകുടുംബാംഗങ്ങളും മറ്റുള്ളവരും പളളിക്ക് മുന്നിൽ നിശ്ചിത ദൂരപരിധിയിൽ നിന്ന് മയ്യത്ത് നിസ്ക്കാരം നിർവഹിച്ചു.