corona

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ ഏഴു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസർകോട്ടും രണ്ട് പേർക്ക് വീതവും കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ ആൾക്കുമാണ് വൈറസ് ബാധിച്ചതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതിൽ കണ്ണൂരിലുള്ള ഒരാൾ മാത്രമാണ് വിദേശത്ത് നിന്നെത്തിയത്. മറ്റ് ആറു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ദുബായിൽ നിന്ന് നേരത്തെ തിരുവനന്തപുരത്തെത്തി വൈറസ് ബാധ സ്ഥിരീകരിച്ച മലയിൻകീഴ് സ്വദേശിയുടെ എട്ടും പതിമ്മൂന്നും വയസുള്ള രണ്ട് കുട്ടികൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ചികിത്സയിലുള്ളവർ 215

സംസ്ഥാനത്ത് ചികിത്സയിലുള്ളർ 215. പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ രണ്ട് പേരുടെ വീതം പരിശോധനാഫലം നെഗറ്റീവായി. ഇവരെ ഡിസ്ചാർജ് ചെയ്തിട്ടില്ല. സംസ്ഥാനത്ത് 241 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 24 പേർ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. രണ്ട് പേർ മരിച്ചു. പരിശോധനയ്ക്ക് അയച്ച ആകെ സാമ്പിളുകൾ 7485, ഇതിൽ ലഭ്യമായ 6381 പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്.

*സംസ്ഥാനത്താകെ:

നിരീക്ഷണത്തിൽ - 1,63,129 പേർ

*വീടുകളിൽ - 1,62,471 പേർ

*ആശുപത്രികളിൽ - 658 പേർ

*ഇന്നലെ പ്രവേശിപ്പിച്ചത് - 150 പേരെ