തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നാരംഭിക്കുന്ന സൗജന്യ റേഷൻ വിതരണത്തിന് ടോക്കൺ സമ്പ്രദായമടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റേഷൻകടയിൽ ഒരു സമയം അഞ്ച് പേർ വീതമേ പാടുള്ളൂ. സർക്കാർ നിർദ്ദേശപ്രകാരമുള്ള ശാരീരിക അകലം കൃത്യമായി പാലിക്കണം. ശാരീരിക അവശതയുൾപ്പെടെയുള്ള കാരണങ്ങളാൽ കടകളിൽ നേരിട്ടെത്തി സാധനം വാങ്ങാനാവാത്തവർക്ക് വീടുകളിലെത്തിച്ച് നൽകാൻ ജനപ്രതിനിധികളോ രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരോ മാത്രമേ പാടുള്ളൂ. സ്വയം സന്നദ്ധരായി വരുന്ന മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തിൽ റേഷൻകടകളിൽ തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധ വേണം. വീടുകളിലെത്തിക്കൽ സത്യസന്ധമായും സുതാര്യമായും വേണം. അന്ത്യോദയ-അന്നയോജന, മറ്റ് മുൻഗണനാ വിഭാഗക്കാർക്കാവണം മുന്തിയ പരിഗണന. കടകളിൽ തിരക്കൊഴിവാക്കാൻ കടയുടമകളും ശ്രദ്ധിക്കണം.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ: മുൻഗണനാ വിഭാഗക്കാർക്ക്
ഉച്ച കഴിഞ്ഞ് 2 മുതൽ 5 വരെ: മുൻഗണനേതര വിഭാഗം
വിതരണം കാർഡ് നമ്പർ വച്ച്:
- 0, 1 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് ഇന്ന് അരി
- 2, 3 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്- നാളെ
- 4, 5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്- 3ന്
- 6, 7 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്- 4ന്
- 8, 9 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്- 5ന്. ( അഞ്ച് ദിവസം കൊണ്ട് വിതരണം പൂർത്തിയാകുമെന്ന് പ്രതീക്ഷ. നിശ്ചിത ദിവസം വാങ്ങാനാകാത്തവർക്ക് പിന്നീടും വാങ്ങാം.)