തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ രണ്ടു പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. നേരത്തെ പോസിറ്റീവായ മലയിൻകീഴ് സ്വദേശിയുടെ രണ്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പോത്തൻകോട് രോഗം ബാധിച്ച് മരിച്ചയാളുടെ ഭാര്യ, മകൾ, മകളുടെ രണ്ടു മക്കൾ എന്നിവരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ രോഗം സ്ഥിരീകരിച്ച കുട്ടികൾ ഉൾപ്പെടെ തിരുവനന്തപുരം ജില്ലക്കാരായ 5 പേരും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു. പുതുതായി 306 പേർ രോഗനിരീക്ഷണത്തിലായി. 17, 749 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 37 ഉം ജനറൽ ആശുപത്രിയിൽ 17 ഉം നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഒമ്പതും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും എസ്.എ.ടിയിലും അനന്തപുരി ആശുപത്രിയിലും മൂന്നു വീതവും കിംസ് ആശുപത്രിയിൽ അഞ്ചും പേരുൾപ്പെടെ 77 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 22 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.
ഇന്നലെ 61 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 1369 സാമ്പിളുകളിൽ 1272 പരിശോധനാഫലം ഇതു വരെ ലഭിച്ചു. ഇന്നലെ ലഭിച്ച 61 പരിശോധനാ ഫലവും നെഗറ്റീവാണ്.
യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 89 പേരെയും വിമൻസ് ഹോസ്റ്റലിൽ 35 പേരെയും ഐ.എം.ജി ഹോസ്റ്റലിൽ 29 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 16 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 122 പേരെയും വിഴിഞ്ഞം സെന്റ് മേരീസ് സ്‌കൂളിൽ 100 പേരെയും പൊഴിയൂർ എൽ.പി.സ്‌കൂളിൽ 69പേരെയും പൊഴിയൂർ സെന്റ് മാതാ സ്‌കൂളിൽ 59 പേരെയും നിംസ് ഹോസ്റ്റലിൽ 27 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 565 പേർ നിരീക്ഷണത്തിലുണ്ട്.
►കളക്ടറേറ്റ് കൺട്രോൾ റൂം- 1077
►ദിശ- 1056
►കൗൺസലിംഗ് സേവനത്തിന് - 9846854844
►വിദേശത്തു നിന്നെത്തിയവരുടെ വിവരം അറിയിക്കാൻ -9188610100