തിരുവനന്തപുരം: കാസർകോട്- മംഗലാപുരം അതിർത്തി അടച്ചിടൽ പ്രശ്നത്തിൽ കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്ന് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'കേന്ദ്രത്തിൽ നിന്ന് എല്ലാവരും നല്ല വർത്തമാനങ്ങൾ പറയുന്നുണ്ട്. തിരിച്ചുവിളിക്കാമെന്നറിയിച്ചിട്ട് വിളിയൊന്നുമില്ല. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആദ്യം വിളിച്ചു. പ്രധാനമന്ത്രിയെ ബന്ധപ്പെട്ടപ്പോൾ തിരിച്ചുവിളിച്ച ആഭ്യന്തരമന്ത്രി അമിത് ഷായും പ്രശ്നം പരിഹരിച്ച് തിരിച്ച് വിളിക്കാമെന്നറിയിച്ചു. തീരുമാനമാകാത്തത് കൊണ്ടായിരിക്കാം വിളിയൊന്നും വരാത്തത്. തീരുമാനമാകാതെ എന്നെ വിളിച്ചിട്ട് കാര്യമില്ലല്ലോ.വിളിക്കുമെന്ന് പ്രതീക്ഷിക്കാം. ഞാനൊരു ശുഭപ്രതീക്ഷക്കാരനാണ്'- മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാടിന്റെ
സഹായം തേടി
മിൽമ പാൽ പാൽപ്പൊടിയാക്കി മാറ്റി വേണം മലബാറിലേക്ക് കൊണ്ടുപോകാൻ. തമിഴ്നാട്ടിൽ നിന്നാണ് അത് ചെയ്യേണ്ടതെങ്കിലും അവിടെ പ്ലാന്റിൽ വലിയ തിരക്കായതിനാൽ നിർവാഹമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇടപെടാനായി തമിഴ്നാട് മുഖ്യമന്ത്രിക്ക് താൻ കത്തയച്ചിട്ടുണ്ട്. സാധാരണനിലയ്ക്ക് നമ്മളെ നല്ല നിലയിൽ സഹായിക്കുന്ന നിലയാണ് തമിഴ്നാട് സ്വീകരിക്കാറ്. ഇക്കാര്യത്തിലും സഹായകരമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.കണ്ണൂരിലെ ഏത്തമിടീക്കൽ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കെതിരായ ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.
പിന്നാലെ ചെന്ന്
കുറിപ്പടി കൊടുക്കണ്ട
മദ്യാസക്തിയുള്ളവർക്ക് മദ്യത്തിന് കുറിപ്പടി നൽകുന്നതിൽ ഡോക്ടർമാരുടെ സംഘടനയുടെ പ്രതിഷേധത്തെപ്പറ്റി ചോദിച്ചപ്പോൾ, അവരുടെ പിന്നാലെ ചെന്ന് കുറിപ്പടി കൊടുക്കണമെന്നൊന്നും ആരും പറയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കുറിപ്പടി ആരെങ്കിലും കൊടുക്കാതിരുന്നാൽ അതൊരു കുറ്റമായി സർക്കാർ കാണാനും പോകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.